‘വേണം ഭയമില്ലാതെ അന്തിയുറങ്ങാൻ ഒരിടം’
text_fieldsകിളിമാനൂർ: ‘വേണം ഭയമില്ലാതെ അന്തിയുറങ്ങാൻ ഒരിടം’ -തങ്ങളുടെ ദുരിതജീവിതം മനസ്സിലാക്കാനെത്തിയ ജഡ്ജിമാരോട് തണ്ണിക്കോണം നിവാസികളുടെ അഭ്യാർഥനയായിരുന്നു ഇത്. നഗരൂർ പഞ്ചായത്തിലെ 10ാംവാർഡായ തണ്ണിക്കോണം പെരുമ്പള്ളി പച്ചക്കാട്ടിൽ എസ്.സി കോളനി നിവാസികളുടെ ജീവിതാവസ്ഥ നേരിൽകണ്ട് മനസ്സിലാക്കാനാണ് ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിമായ എസ്. ഷംനാദും ചിറയിൻകീഴ് ലീഗൽ സർവിസ് കമ്മിറ്റി ചെയർമാനും ഡിസ്ട്രിക്റ്റ് ജഡ്ജിയുമായ എസ്. സുരേഷ് കുമാറും സംഘവുമെത്തിയത്.
പ്രദേശത്ത് സമുദ്രനിരപ്പിൽനിന്ന് രണ്ടായിരത്തിലേറെ അടി ഉയരമുള്ള കുന്നിനുമുകളിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ നാലു കുടുംബങ്ങളാണ് താമസിക്കുന്നത്.
വാസയോഗ്യമായ വീടുകളോ കിണറോ ശൗചാലയങ്ങളോ ഇവർക്കില്ല. അപകടകരമായ പാറക്കെട്ടുകൾക്ക് താഴെയാണ് ഈ വീടുകൾ സ്ഥിതിചെയ്യുന്നത്. ഈ വീടുകൾക്ക് മുകളിൽ ഇളകി വീഴാറായ നിലയിൽ കൂറ്റൻ പാറകൾ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജഡ്ജിമാർ അടിയന്തര നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു.
നിരവധി വർഷങ്ങളായി ഇവിടെ താമസിക്കുന്നവർക്ക് കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണ്. കുത്തനെയുള്ള കുന്നിന്റെ മുകളിൽ കിണർകുഴിക്കാനാകാത്തതിനാൽ മഴവെള്ളം സംഭരിച്ചാണ് ഉപയോഗിക്കുന്നത്. കൂടാതെ, താഴെനിന്ന് ശേഖരിച്ച് മൂന്നു ദിവസങ്ങളിലായാണ് കുടിവെള്ളം വീടുകളിലെത്തിക്കുന്നത്. ആവശ്യമായ വെള്ളം എത്തിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലെന്ന് കോളനി നിവാസികൾ പറഞ്ഞു.
കിണർ ഇല്ലാത്തതിനാൽ പ്രാഥമിക ആവശ്യങ്ങൾക്കു പോലും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന ദുരിതവും ജഡ്ജിമാർ നേരിട്ട് മനസ്സിലാക്കി. ഇടിഞ്ഞു വീഴാറായ വീടുകളിൽ താമസിക്കുന്ന ഇവർക്ക് പ്രാദേശിക ഭരണകൂടം വീട് വെക്കാനുള്ള സഹായം നൽകിയാലും സാധനസാമഗ്രികൾ എത്തിക്കാൻ കഴിയില്ല.
താമസയോഗ്യമായ സ്ഥലത്തേക്ക് തങ്ങളെ പുനരധിവസിപ്പിക്കണമെന്നാണ് കോളനി നിവാസികൾ ജഡ്ജിമാരോട് അഭ്യർഥിച്ചത്. പ്രശ്ന പരിഹാരത്തിനായി 18ന് ഡെപ്യൂട്ടി കലക്ടർ, ചിറയിൻകീഴ് താലൂക്ക് തഹസിൽദാർ, പഞ്ചായത്ത് സെക്രട്ടറി, എസ്.സി.എസ്.ടി ഡയറക്ടർ, ആറ്റിങ്ങൽ ഡിവൈ.എസ്.പി, നഗരൂർ എസ്.എച്ച്.ഒ എന്നിവരെ ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്. ഷംനാദ് വിളിച്ചിട്ടുണ്ട്.
താലൂക്ക് ലീഗൽ സർവിസ് സൊസൈറ്റി-ഇൻ ചാർജ് ജി. സുമ, പാരാലീഗൽ വളന്റിയർ ഐ. താഹിറ, താലൂക്ക് ലീഗൽ സർവിസ് അതോറിറ്റിയിലെ പാരാലീഗൽ വളന്റിയർമാരും ജഡ്ജിമാരുടെ സംഘത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.