കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് എ.ഡി.എസ് സമ്മേളനവും തെരഞ്ഞെടുപ്പും
text_fieldsകിളിമാനൂർ: കോവിഡ് പോസിറ്റിവ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ സർക്കാറും ആരോഗ്യവകുപ്പും കോവിഡ് നിയമങ്ങൾ കാറ്റിൽപറത്തി എ.ഡി.എസ് സമ്മേളനങ്ങളും തെരഞ്ഞെടുപ്പുകളും സംഘടിപ്പിക്കുന്നതായി ആക്ഷേപം. എ.ഡി.എസ് തെരഞ്ഞെടുപ്പുകൾ നടത്തുന്നത് പ്രവൃത്തി ദിനങ്ങളിൽ സർക്കാർ പള്ളിക്കൂടങ്ങളിൽവെച്ചാണ് എന്നതും ഏറെ വിമർശനങ്ങൾ കാരണമാകുന്നു.
കിളിമാനൂർ ബ്ലോക്കിന് കീഴിൽ നിരവധി പഞ്ചായത്തുകളിൽ എ.ഡി.എസ് തെരഞ്ഞെടുപ്പുകൾ കഴിഞ്ഞ ഒരാഴ്ചക്കിടയിൽ നടന്നു. ഇവയിൽ ഏറെയും സർക്കാർ എൽ.പി സ്കൂളുകളിലാണ്. തിങ്കളാഴ്ച നഗരൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ എ.ഡി.എസ് തെരഞ്ഞെടുപ്പും സമ്മേളനവും വെള്ളല്ലൂർ ഗവ.എൽ.പി.എസിലാണ് സംഘടിപ്പിച്ചത്. രാവിലെ സ്കൂളിൽ കെ.ജി മുതൽ നാലാം ക്ലാസുവരെ പ്രവർത്തിച്ച അതേ സമയത്താണ് വിവിധ കുടുംബശ്രീകളിൽനിന്നായി 150ത്തിലേറെപ്പേർ പങ്കെടുത്തത്.
എൽ.പി, യു.പി ക്ലാസുകൾ ആരംഭിച്ചത് സമയം മുതൽ കുട്ടികളുമായെത്തുന്ന രക്ഷാകർത്താക്കളെപ്പോലും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ സ്കൂൾമതിൽ കെട്ടിടത്തിനുള്ളിൽ പ്രവേശിപ്പിക്കരുതെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവത്രെ. രാവിലെ രക്ഷാകർത്താക്കൾ കുട്ടികളുമായെത്തിയശേഷം ഉച്ചവരെ പലപ്പോഴും കോമ്പൗണ്ടിന് പുറത്ത് കാത്തിരിക്കുകയാണ് പതിവ്. ഇതിനിടയിലാണ് വിദ്യാഭ്യാസ ഉപജില്ലക്ക് കീഴിലെ സർക്കാർ സ്കൂളുകളിൽ നിയമലംഘനം നടക്കുന്നത്.
ഓരോ വാർഡിലും കുടുംബശ്രീ യൂനിറ്റിന്റെ എണ്ണമനുസരിച്ച് സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണവും കൂടും. ഒരു യൂനിറ്റിൽനിന്ന് അഞ്ച് പേർക്കാണ് വോട്ടവകാശം. പല വാർഡുകളിലും 20ൽപരം യൂനിറ്റുകളുണ്ട്. ഒരേദിവസം അടുത്തടുത്തുള്ള മൂന്നും നാലും വാർഡുകളിലെ എ.ഡി.എസ് യോഗങ്ങളാണ് ചേരുന്നത്. ഇതോടെ 200 മുതൽ 400 പേർവരെ പല സ്കൂളിലും രാവിലെ മുതൽ ഒത്തുചേരുന്നതായി ആക്ഷേപമുയരുന്നു.
വിവാഹ - മരണ ചടങ്ങുകൾക്കുപോലും 50 പേർ എന്ന നിയമം നിലനിൽക്കുമ്പോൾ കൊച്ചുകുട്ടികൾ എത്തുന്ന സ്കൂളുകളിൽനിന്ന് ഇത്തരം തെരഞ്ഞെടുപ്പുകളും സമ്മേളനങ്ങളും ഒഴിവാക്കണമെന്ന് രക്ഷാകർത്താക്കൾ ആവശ്യപ്പെടുന്നു. സി.ഡി.എസ് അടക്കമുള്ള തെരഞ്ഞെടുപ്പുകൾ പിന്നാലെ വരുമെന്നതിനാൽ, വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വിഭാഗവും പൊലീസും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ആവശ്യമുയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.