പള്ളിക്കലില്‍ സംഘർഷാവസ്ഥക്ക് ശ്രമം; നാലുപേർ അറസ്റ്റിൽ
text_fieldsകിളിമാനൂർ: പള്ളിക്കൽ പഞ്ചായത്തിലെ പ്ലാച്ചിവിളയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമമെന്ന പരാതിയെ തുടർന്ന് നാലംഗസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ വോട്ടർമാർക്ക് പണം നൽകാനെത്തിയവരെയാണ് തടഞ്ഞുവെച്ച് പൊലീസിൽ ഏൽപിച്ചതെന്ന് സി.പി.എം ആരോപിച്ചു. എന്നാൽ ആരോപണത്തെ തള്ളി പൊലീസ്.
പള്ളിക്കൽ സ്വദേശികളായ വിളയിൽ വീട്ടിൽ സാബു (56), താഴെവിളയിൽ വീട്ടിൽ ഷംസുദ്ദീൻ (62), നൂറുമഹലിൽ റാസി (57), പള്ളിക്കൽ വേളാക്കട എസ്.എ മനസിലിൽ ഷാജഹാൻ (64) എന്നിവരെയാണ് പള്ളിക്കൽ പഞ്ചായത്ത് റിട്ടേണിങ് ഓഫിസർ ജർണയിൽ സിംഗിെൻറ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വോട്ടർമാർക്ക് പണം കൊടുത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ശ്രമമാണ് നാട്ടുകാർ തടഞ്ഞതെന്ന് സി.പി.എം ആരോപിക്കുന്നു. പള്ളിക്കൽ പഞ്ചായത്തിലെ പ്ലാച്ചിവിള 12ാം വാർഡിലാണ് സംഭവം. ഇന്നോവ കാറിലാണ് നാലംഗസംഘം എത്തിയത്.
ഇവരിലൊരാൾ വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ ബന്ധുവാണത്രേ. ആയിരവല്ലി ക്ഷേത്രത്തിന് സമീപമുള്ള വീടുകളിലെ വോട്ടർമാർക്ക് പണം കൊടുത്ത് വോട്ട് വിലയ്ക്ക് വാങ്ങാൻ ശ്രമം നടത്തിയതെന്നാണ് ആരോപണം. സംഘർഷസ്ഥലത്തെത്തിയ പൊലീസിന് വാഹനത്തിൽനിന്ന് പണം കണ്ടെത്താനായില്ല.
എന്നാൽ വരണാധികാരി ജർണയിൽസിങ്ങിെൻറ പരാതിയിൽ നാലംഗസംഘത്തെ പള്ളിക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലെടുത്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.