തേനീച്ച കർഷകർക്ക് പൊലീസ് മർദനം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമീഷൻ
text_fieldsകിളിമാനൂർ: അർധരാത്രിയിൽ ഓട്ടോറിക്ഷ റോഡരികിൽ നിർത്തി ഉറങ്ങുകയായിരുന്ന തേനീച്ച കർഷകരെ സംശയത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ച സംഭവം ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. റൂറൽ ജില്ല പൊലീസ് മേധാവിക്കാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്.
2021 ജനുവരി 17 ന് കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപം നിന്നാണ് ഓട്ടോ കസ്റ്റഡിയിലെടുത്തത്. പരാതിക്കാരനായ നെയ്യാർഡാം പന്ത ഉലയംകോണം സ്വദേശി വി. സജി, കർഷകരായ രാജു, ആൽബിൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരെ റോഡരികിൽ സംശയാസ്പദമായി കണ്ടതുകൊണ്ടാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് പറയുന്നു. തുടർന്ന് മനുഷ്യാവകാശ കമീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് കേസന്വേഷിച്ചു.
സ്റ്റേഷനിൽ നിന്ന് മർദനമേറ്റതായി പരാതിക്കാർ കന്യാകുളങ്ങര ആശുപത്രിയിൽ മൊഴി നൽകിയിട്ടുള്ളതായി അന്വേഷണ വിഭാഗം കണ്ടെത്തി. രാജുവിനും ആൽബിൻ രാജിനും പൊലീസ് മർദനത്തിൽ പരിക്കേറ്റതായി ഡോക്ടർ കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാർക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഹാജരാക്കിയ രേഖകളിൽ നിന്ന് പരാതിക്കാരനും ഒപ്പമുണ്ടായിരുന്നവർക്കും ദേഹോപദ്രവം ഏറ്റതായി കമീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാർ പൊലീസുമായി പിടിവലി കൂടിയപ്പോൾ പരിക്ക് സംഭവിച്ചെന്ന വാദം കമീഷൻ സ്വീകരിച്ചില്ല. തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അന്വേഷണത്തിനുശേഷം കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് കമീഷൻ നിർദ്ദേശം നൽകിയത്. സ്വീകരിച്ച നടപടികളെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി (റൂറൽ) റിപ്പോർട്ട് സമർപ്പിക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.