തകർന്നടിഞ്ഞ് കശുവണ്ടിമേഖല
text_fieldsകിളിമാനൂർ: കശുവണ്ടി ഫാക്ടറികളുടെ ഈറ്റില്ലം കൊല്ലം ജില്ലയാണെങ്കിലും അവിടത്തോട് ചേർന്നു കിടക്കുന്ന തിരുവനന്തപുരത്തിന്റെ വടക്കൻ മേഖലയിലും ഒരുകാലത്ത് ഇത്തരം ഫാക്ടറികൾ ധാരാളമുണ്ടായിരുന്നു. സാധാരണക്കാരിൽ സാധാരണക്കാരായ നാട്ടുൻപുറത്തെ സ്ത്രീകളുടെ പ്രധാന വരുമാനമാർഗവും ഇതായിരുന്നു. എന്നാൽ, ഇന്ന് അവയിൽ 90 ശതമാനത്തോളവും പൂട്ടിക്കഴിഞ്ഞു. ഇതോടെ ഇത്തരം മേഖലയിൽ പണി ചെയ്തിരുന്നവരുടെ ഇത്തവണത്തെ ഓണവും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റേതുമായി.
കിളിമാനൂർ, പള്ളിക്കൽ, മടവൂർ, നാവായിക്കുളം, കല്ലമ്പലം പ്രദേശങ്ങളിലാണ് പ്രധാനമായും കശുവണ്ടി ഫാക്ടറികൾ പ്രവർത്തിച്ചിരുന്നത്. ജില്ലയുടെ വടക്കൻ മേഖലയിലാകെ 91 കശുവണ്ടി ഫാക്ടറികളാണ് നേരത്തേ പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ 20ൽ താഴെ മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നാണ് ഒദ്യോഗികമായ കണക്ക്. ഒരുകാലത്ത് സർക്കാർ മേഖലയിൽ കശുവണ്ടി കോർപറേഷനുകീഴിലാണ് ഏറെയും പ്രവർത്തിച്ചിരുന്നത്. എന്നാലിപ്പോൾ കെ.എസ്.ഡി.സിക്ക് കീഴിൽ കിളിമാനൂർ ടൗണിലും, കാപെക്സിന് കീഴിൽ കല്ലമ്പലം ടൗണിലും മാത്രമാണ് ഓരോ ഫാക്ടറി പ്രവർത്തിക്കുന്നത്. ബാക്കിയുള്ളവ സ്വകാര്യമേഖലയിലാണ്.
ഒന്നിന് പിറകെ ഒന്നായി
കിളിമാനൂർ: ഒന്നിനുപിറകെ ഒന്നായി ഫാക്ടറികൾ പൂട്ടിയതോടെ തൊഴിലാളിലേറെയും ഉപജീവന മാർഗമില്ലാതായി. വർഷങ്ങളായി പകലന്തിയോളം ഫാക്ടറി കളിൽ കുനിഞ്ഞിരുന്ന് ജോലി ചെയ്തവർക്കേറെയും നടുവേദന അടക്കമുള്ള രോഗങ്ങൾ പിടിപെട്ടു. കുറച്ചുപേ ർ തൊഴിലുറപ്പ് പോലുള്ള മറ്റ് ജോലികൾ തേടി. എന്നാൽ ഇതിൽപ്പെടാതെ തങ്ങളുടെ ഫാക്ടറികൾ തുറക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവരുമുണ്ട്. ഇവരുടെയെല്ലാം ഓണക്കാല സ്വപ്നങ്ങളാണ് അസ്തമിച്ചത്. മുൻ കാലങ്ങളിൽ ശമ്പളത്തോടൊപ്പം ബോണസും ലഭിച്ചിരുന്നു.
2021 ൽ കശുവണ്ടി വികസന കോർപ്പറേഷന്റെ കണക്ക് പ്രകാരം 44 ഫാക്ടറികൾ അന്ന് പൂർണമായും അടഞ്ഞ് കിടക്കുകയായിരുന്നു. ഓണക്കാലത്ത് ഈ ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2000 രൂപ വീതം സർ ക്കാർ ബോണസ് നൽകിയിരുന്നു. ഇക്കുറിയും സർക്കാറിന്റെ ചെറിയൊരു കൈത്താങ്ങ് ഇത്തരം തൊഴിലാളി കുടുംബങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ അവരുടെ ഓണം പട്ടിണിയുടേതാകും.
തിരിച്ചടിയായത് ഉൽപാദനത്തിലെ കുറവും വിലവർധനയും
കിളിമാനൂർ: പ്രാദേശിക കശുവണ്ടി ഉൽപാദനത്തിൽ വന്ന ഗണ്യമായ കുറവും തോട്ടണ്ടിയുടെ വിലക്കൂടുതലുമാണ് തൊഴിൽശാലകൾ പൂട്ടാൻ പ്രധാനകാരണമായി പറയപ്പെടുന്നത്. ഫാക്ടറികളിൽ തോട്ടണ്ടി വറുക്കൽ ജോലികളിൽ ഏർപ്പെട്ടിരുന്നത് പ്രധാനമായും പുരുഷന്മാരാണ്. തോട്ടണ്ടി തല്ലൽ, പീലിങ് (പരിപ്പിന്റെ പുറത്തെ ബ്രൗൺ തൊലി ഇളക്കൽ), പാസിങ് (തരംതിരിക്കൽ) ജോലികളിൽ സ്ത്രീകളാണ് ഏർപ്പെട്ടിരുന്നത്. മിക്ക ഫാക്ടറികളിലും 400 മുതൽ 550 വരെ തൊഴിലാളികൾ പണിയെടുത്തിരുന്നു. പ്രധാന അവധി ദിവസങ്ങളും ഞായറാഴ്ചകളും ഒഴികെ വർഷത്തിൽ മുഴുവൻ ദിവസങ്ങളിലും പ്രവർത്തിച്ചിരുന്ന ഫാക്ടറികൾ പലതും പൂട്ടിയിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. മിക്ക ഫാക്ടറികളും നിലംപൊത്തി.
പുളിമാത്ത് പഞ്ചായത്തിൽ പൊരുന്തമൺ, കുറ്റിമൂട്, കിളിമാനൂർ പഞ്ചായത്തിൽ ചെങ്കിക്കുന്ന്, തങ്കക്കല്ല്, മുളയ്ക്കലത്തുകാവ്, ഗുരുനഗർ, തകരപ്പറമ്പ്, നഗരൂർ പഞ്ചായത്തിലെ കീഴ്പേരൂർ, ഊന്നൻകല്ല്, മടവൂർ പഞ്ചായത്തിലെ മടവൂർ കവലയിലെ ഫാക്ടറി, പള്ളിക്കൽ പഞ്ചായത്തിലെ കാട്ടുപുതുശ്ശേരി, പള്ളിക്കൽ ടൗൺ, ആറയിൽ, നെട്ടയം, മാരങ്കോട്, നാവായിക്കുളത്ത് 28ാം മൈൽ, കല്ലമ്പലം, നാവായിക്കുളം ക്ഷേത്രത്തിന് സമീപം അടക്കമുള്ള ഫാക്ടറികളിലേറെയും അടച്ചിട്ടിരിക്കുകയാണ്. ഇവയിൽ മിക്കതും പൊളിഞ്ഞുവീണ അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.