സി.പി.എം ബ്രാഞ്ച് സമ്മേളനത്തിലും മത്സരം; ഏരിയ നേതൃത്വം ഇടപെട്ട് തിരുത്തി
text_fieldsകിളിമാനൂർ: സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പ്രാദേശികതലത്തിലെ ബ്രാഞ്ച് സമ്മേളനങ്ങൾ കൂടി സെക്രട്ടറിമാരെയടക്കം തെരഞ്ഞെടുക്കുന്നതിൽ സമവായം വേണമെന്ന പാർട്ടി നിർദേശം പ്രാദേശികതലത്തിൽ പലയിടത്തും പാളുന്നു. കിളിമാനൂർ ഏരിയ കമ്മിറ്റിക്ക് കീഴിൽ ഒന്നിലേറെയിടങ്ങളിൽ നിലവിലെ ബ്രാഞ്ച് സെക്രട്ടറിമാരെ മാറ്റണമെന്ന ചർച്ച ശക്തമായി. പല കമ്മിറ്റികളിലും ചർച്ചകൾ ചേരിതിരിഞ്ഞ് വാഗ്വാദങ്ങളിലേക്കെത്തി.
കഴിഞ്ഞദിവസം വെള്ളല്ലൂർ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ കീഴ്പേരൂർ ബ്രാഞ്ച് സമ്മേളനത്തിൽ ഇരുവിഭാഗം തിരിഞ്ഞ് മത്സരത്തിെൻറ വക്കിലെത്തി. വർഷങ്ങളായി വെള്ളല്ലൂർ ലോക്കൽ കമ്മിറ്റിയിൽ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞദിവസം കൂടിയ ബ്രാഞ്ച് സമ്മേളനത്തിൽ നിലവിലെ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റണമെന്ന് ഒരുവിഭാഗം വാദിച്ചു. നിലവിലെ സെക്രട്ടറി തുടരണമെന്ന് മറുവിഭാഗവും വാദിച്ചതോടെ സെക്രട്ടറിയെ കണ്ടെത്താൻ മത്സരത്തിലേക്ക് കടന്നു. നിലവിലെ ബ്രാഞ്ച് സെക്രട്ടറി അരുണിനെതിരെ രാജേഷ് മത്സരരംഗത്തേക്ക് വന്നു.
ഇരുവരെയും പിന്താങ്ങി പാർട്ടി അംഗങ്ങൾ അണിനിരന്നതോടെ തെരഞ്ഞെടുപ്പ് എന്ന ഘട്ടത്തിലേക്കായി. ചർച്ച നയിക്കാനെത്തിയ ഏരിയ കമ്മിറ്റി അംഗം മൈതീൻകുഞ്ഞ് സമവായം വേണമെന്ന് ആവശ്യപ്പെട്ടതോടെ പുതിയൊരു സെക്രട്ടറി എന്ന നിലയിലേക്ക് മാറി. പുതിയ സെക്രട്ടറിയുടെ പേര് ഇരുവരും അംഗീകരിച്ചതോടെ യോഗം പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.