പഴയകുന്നുമ്മേൽ; 45 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോൺഗ്രസിന് 45 വോട്ടിന്‍റെ വിജയം
text_fieldsകിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിന്‍റെ ചരിത്രത്തിൽ 45 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യമായാണ് മഞ്ഞപ്പാറ വാർഡിൽ കോൺഗ്രസിന് വിജയക്കൊടി പാറിക്കാനായത്; അതും 45 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ. പഞ്ചായത്ത് ഭരണത്തിന്‍റെ നാൾവഴികളിൽ പല വാർഡുകളും ഇരുമുന്നണികളെയും മാറിയും തിരിഞ്ഞും കൈകോർത്തു പിടിച്ചിട്ടുണ്ടെങ്കിലും മഞ്ഞപ്പാറ വാർഡ് ആദ്യമായി തങ്ങൾക്കൊപ്പം നിന്നതിന്‍റെ ആവേശത്തിലാണ് കോൺഗ്രസ് നേതൃത്വം.
17 വാർഡുകളുള്ള പഞ്ചായത്തിൽ 13 സീറ്റുകൾ നേടിയാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തിയത്. ഉപതെരഞ്ഞെടുപ്പിലെ ജയത്തോടെ സീറ്റ് നില അഞ്ചായി ഉയർത്താൻ കോൺഗ്രസിനായി. സി.പി.എമ്മിലെ കിളിമാനൂരിലെ ആദ്യകാല നേതാവും മുൻപഞ്ചായത്ത് പ്രസിഡൻറുമായിരുന്ന ജയദേവൻ മാസ്റ്ററുടെ വീട് സ്ഥിതി ചെയ്യുന്ന വാർഡാണ് ഇക്കുറി കോൺഗ്രസ് പിടിച്ചെടുത്തത്.
പഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള ജനവികാരമാണ് തെരഞ്ഞെടുപ്പ് പരാജയമെന്ന് സി.പി.എം പ്രാദേശിക നേതാക്കൾ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇതേ വാർഡിൽ 117 വോട്ടിന്‍റെ ലീഡ് നേടിയാണ് സി.പി.എമ്മിലെ ടി. ദീപ്തി വിജയിച്ചത്. ഇവർക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കോൺഗ്രസ് പഴയകുന്നുമ്മേൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും പൊതുയോഗവും ചേർന്നു. മണ്ഡലം പ്രസിഡൻറ് അടയമൺ മുരളീധരൻ അധ്യക്ഷത വഹിച്ചു. എൻ. ദർശനൻ, ഗംഗാധര തിലകൻ, എ. ഷിഹാബുദീൻ, കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ മനോജ്, കിളിമാനൂർ മണ്ഡലം പ്രസിഡൻറ് അനൂപ് തോട്ടത്തിൽ, അടയമൺ മണ്ഡലം പ്രസിഡൻറ് ഷമീം, ചെറുനാരകംകോട് ജോണി, ശ്യാംനാഥ്, കെ. നളിനൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.