ടാർപ്പായ നീക്കുന്നതിനിടെ ലോറിയില്‍ നിന്ന് വീണ് ഡ്രൈവര്‍ മരിച്ചു
text_fieldsകിളിമാനൂർ: സിമൻറുമായി വന്ന ലോറിക്ക് മുകളില്‍ കെട്ടിയിരുന്ന ടാർപ്പായ മാറ്റുന്നതിനിടെ കാല്‍വഴുതി വീണ് ഡ്രൈവര്‍ മരിച്ചു. മടവൂര്‍ ചാലില്‍ പുളിമൂട് ആരാമത്തില്‍ വിജില്‍ (34) ആണ് മരിച്ചത്. സ്വകാര്യ ബസ് ഡ്രൈവറായിരുന്ന വിജില്‍, കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടമായതോടെയാണ് സിമൻറ് ലോറിയിൽ ഡ്രൈവറായി മാറിയത്.
വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പകല്‍ക്കുറി ആറയില്‍ കവലക്ക് സമീപമായിരുന്നു അപകടം. സിമൻറ് കട്ട കമ്പനിയിൽ ലോഡ് ഇറക്കാന്‍ തയാറെടുക്കുമ്പോഴായിരുന്നു അപകടം. ലോറിക്ക് മുകളില്‍ വിരിച്ച ടാർപ്പായ അഴിച്ച് മാറ്റിയ ശേഷം താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വിജില്‍ താഴെവീണ വിവരം സമീപത്തുണ്ടായിരുന്നവര്‍ അറിഞ്ഞിരുന്നില്ല. 25 മിനിറ്റിന് ശേഷമാണ് വിജില്‍ വീണ് കിടക്കുന്നത് സ്ഥാപനത്തിലെ ജീവനക്കാരന്‍ കണ്ടത്. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഴ്ചയില്‍ മുഖത്തും താടിയെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു.
മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍. പള്ളിക്കല്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
വിജയന്‍-പുഷ്പവല്ലി ദമ്പതിമാരുടെ മകനാണ് വിജിൽ. അവിവാഹിതനാണ്. സഹോദരങ്ങള്‍: രതീഷ്, മനോജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.