ഒടുവിൽ കാമറയിൽ പതിഞ്ഞു; അത് പുലിതന്നെ
text_fieldsകിളിമാനൂർ: ഒരാഴ്ചയിലേറെയായി കിളിമാനൂർ മേഖലയെ ഭീതിയിലാഴ്ത്തിയ അജ്ഞാതജീവി പുലി തന്നെയെന്ന് വനംവകുപ്പ്. തട്ടത്തുമലയിലെ സ്വകാര്യ ഗാർഡനിലെ കാമറയിലാണ് കഴിഞ്ഞ രാത്രിയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ഗാർഡനിൽ വളർത്തുന്ന വാത്ത ഇനത്തിൽപെട്ട കോഴിയെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സി.സി.ടി.വി കാമറ പരിശോധിച്ചപ്പോഴാണ് പുലിക്ക് സമാനമായ ജീവിയെ കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ്റ്റ് ഉദ്യോഗസ്ഥർ അജ്ഞാതജീവി പുലിതന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
തട്ടത്തുമല-നിലമേൽ റോഡിൽ പ്രവർത്തിക്കുന്ന റോക്ക് ലാൻഡ് ഗാർഡനിൽ സ്ഥാപിച്ചിട്ടുള്ള കാമറയിലാണ് പുലിയെ കണ്ടത്. ശനിയാഴ്ച പുലർച്ച 1.47 മുതലുള്ള വിഡിയോയിലാണ് പുലിയെ കാണാൻ കഴിയുന്നത്. അഞ്ച് മിനിറ്റോളം വിഡിയോയിൽ പുലിയെ കാണാം. കഴിഞ്ഞദിവസങ്ങളിൽ പുലിയെ കണ്ടതായി പറയപ്പെട്ട സ്ഥലങ്ങളിൽ കണ്ട അതേ കാൽപ്പാടുകൾ തന്നെയാണ് ഇവയെന്നും വളർത്തുമൃഗങ്ങളെയും തെരുവുനായെയും കൊന്നുതിന്ന അതേ രീതി തന്നെയാണ് ഇവിടെയും കണ്ടതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ 'മാധ്യമ'ത്തോട് പറഞ്ഞു.
ഇക്കഴിഞ്ഞ മൂന്നിനാണ് കിളിമാനൂർ മേഖലയിൽ പുലിയെ കണ്ടതായുള്ള വാർത്ത ആദ്യം പുറത്ത് വന്നത്. ഇതിന് ശേഷം കടമുക്ക്, കണിച്ചോട്, താളിക്കുഴി പ്രദേശങ്ങളിലും പുലിയെ കണ്ടതായി വാർത്ത വന്നു. ഇതോടെ പ്രദേശത്ത് ജനങ്ങൾ പുലിപ്പേടിയിലായി. കഴിഞ്ഞദിവസം താളിക്കുഴി കടലുകാണി പാറക്ക് സമീപമുള്ള വീട്ടിലെ തൊഴുത്തിൽ രണ്ട് ആടുകളെ കൊന്നിരുന്നു. വയർ കടിച്ചുകീറി തിന്ന ശേഷം അവശിഷ്ടം ഉപേക്ഷിച്ച നിലയിലായിരുന്നു. ഇവിടെ കാണപ്പെട്ട കാൽപ്പാടുകേളാട് സാദൃശ്യമുള്ള കാൽപ്പാടുകൾ കമുക്കിന് സമീപത്തെ വീട്ടുമുറ്റത്ത് വെള്ളിയാഴ്ച പുലർച്ച കണ്ടെത്തിയിരുന്നു. ഇതിനിടെ പ്രദേശത്ത് തെരുവുനായെ കൊന്ന് കാലുകൾ ഒഴികെ തിന്ന നിലയിൽ കണ്ടെത്തി.
വെള്ളിയാഴ്ച സന്ധ്യയോടെ ചിന്ത്രനെല്ലൂർ, രാത്രി 8.30 മണിയോടെ കീഴ്പേരൂർ, 11 മണിയോടെ തകരപ്പറമ്പ് - തട്ടത്തുമല റോഡിലും പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞിരുന്നു.
വനംവകുപ്പിനെതിരെ രൂക്ഷ വിമർശനം
കിളിമാനൂർ: ഒരാഴ്ചയിലേറെ അജ്ഞാത ജീവിയെ ഭയന്ന് കഴിഞ്ഞിരുന്നവർ പുലിതന്നെയെന്നറിഞ്ഞതോടെ കൂടുതൽ ഭീതിയിലായി. അതേസമയം, കണ്ടത് പുലിയാണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാട്ടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടവർക്കെതിരെ നടപടിക്കൊരുങ്ങിയ വനം ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും ജനങ്ങളുടെ ഭീതി അകറ്റാൻ ഒന്നും ചെയ്യാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നും ആക്ഷേപം.
ഇൗ മാസം മൂന്നിനാണ് കിളിമാനൂർ കൊടുവഴന്നൂർ പറക്കോട് കോളനിയിൽ ആദ്യമായി പുലിയെ കണ്ടത്. മൂന്ന് സ്ത്രീകൾ പുലിയായിരുന്നുവെന്ന് വ്യക്തമായി പറഞ്ഞിട്ടും സമ്മതിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തയാറായില്ല. ഓരോദിവസവും പ്രശ്നം കൂടുതൽ രൂക്ഷമായെങ്കിലും ജാഗ്രത കാണിക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നാണ് ആക്ഷേപം. ശനിയാഴ്ച രാവിലെയോടെ പുലിതന്നെയെന്ന് സ്ഥിരീകരിച്ചതോടെ, സ്ത്രീകളും കുട്ടികളുമടക്കം ഏറെ ഭീതിയിലായി.
പുലിയെ എങ്ങനെ പിടികൂടാമെന്നതിൽ ഉദ്യോഗസ്ഥർക്ക് വ്യക്തമായ ധാരണയില്ല. കൂട് െവച്ച് മാത്രമേ ഇതിനെ പിടികൂടാനാകൂ. അതേ സമയം, തട്ടത്തുമല മേഖലയിൽ തന്നെ ഇത് ഉണ്ടോ മറ്റെവിടേക്കെങ്കിലും കടന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഏതായാലും ജനങ്ങളെ പോലെ വനം വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും ഉറക്കമില്ലാത്ത ദിവസ ങ്ങളാണ് മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.