ഇന്ധനക്ഷമത കൂട്ടാൻ ഹൈബ്രിഡ് ബൈക്ക്
text_fieldsകിളിമാനൂർ: ബൈക്കുകളുടെ ഇന്ധനക്ഷമത കൂട്ടാൻ ഒരേസമയം പെട്രോളിലും വൈദ്യുതിയിലും പ്രവർത്തിപ്പിക്കാവുന്ന ഹൈബ്രിഡ് ബൈക്ക് രൂപകൽപന ചെയ്തിരിക്കുകയാണ് കിളിമാനൂർ പനപ്പാംകുന്ന് വിദ്യ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. ബൈക്കിന്റെ മുന്നിലത്തെ വീലിൽ ഇതിനായി പ്രത്യേകം ഇലക്ട്രിക് മോട്ടോറുണ്ട്. പിന്നിലെ വീലിൽ സാധാരണ ബൈക്കുകളുടെ പ്രവർത്തനംതന്നെ.
മോട്ടോറിലേക്ക് വൈദ്യുതി എടുക്കുന്നതിനായി ഭാരം കുറഞ്ഞ ബാറ്ററിയാണ് ഉപയോഗിച്ചിട്ടുള്ളത്. ബൈക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ ഇലക്ട്രിക്കിലേക്കും പെട്രോളിലേക്കും മാറ്റാൻ സാധിക്കും. ഒരു ഫുൾ ചാർജിങ്ങിലും ഒരുലിറ്റർ പെട്രോളിലും ഏകദേശം നൂറ്റിമുപ്പത് കിലോമീറ്റർ വരെ യാത്രചെയ്യാം.
നിരപ്പുള്ള റോഡിൽ ഇലക്ട്രിക്കും കയറ്റമുള്ള ഭാഗങ്ങളിൽ പെട്രോളും ഉപയോഗിച്ചാൽ മികച്ച ഇന്ധനക്ഷമത ലഭിക്കുമെന്ന് വിദ്യാർഥികൾ പറയുന്നു. ബി.ടെക് അവസാന വർഷ പ്രോജക്ടിന്റെ ഭാഗമായി മെക്കാനിക്കൽ വിഭാഗം വിദ്യാർഥികളായ എ.ജെ. ആദർശ്, അഖിൽ സജീവ്, വി. അഖിൽ, അനൂപ് സുധി എന്നിവരാണ് ഹൈബ്രിഡ് ബൈക്കിന്റെ ശിൽപികൾ.
കോളജിൽ നടന്ന അന്തർദേശീയ സമ്മേളനത്തിൽ പ്രബന്ധാവതരണത്തിന് മികച്ച പ്രതികരണമാണ് ഹൈബ്രിഡ് ബൈക്കിന് ലഭിച്ചത്. മെക്കാനിക്കൽവിഭാഗം അധ്യാപകനായ ആർ. സജിത്ത് കൃഷ്ണൻ ആണ് പ്രോജക്ട് ഗൈഡ് ചെയ്തത്. മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. എച്ച്. തിലകൻ ആണ് വിദ്യാർഥികൾക്ക് വേണ്ട എല്ലാ പിന്തുണയും നൽകിയത്. ഹൈബ്രിഡ് ബൈക്കിന്റെ സാങ്കേതിക വശങ്ങൾ വിശകലനം ചെയ്ത് വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രിൻസിപ്പൽ ഡോ. ടി. മാധവ്രാജ് രവികുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.