പന്നിയുടെ ആക്രമണം: ബൈക്കിൽനിന്ന് തെറിച്ചുവീണ മാതാപിതാക്കൾക്കും കൈക്കുഞ്ഞിനും പരിക്ക്
text_fieldsകിളിമാനൂർ: കൈക്കുഞ്ഞുമായി വീട്ടിലേക്ക് പോകുകയായിരുന്ന ദമ്പതികളുടെ ബൈക്കിന് നേരെ കാട്ടുപന്നിയുടെ ആക്രമണം. പന്നിയുടെ ഇടിയേറ്റ് റോഡിലേക്ക് തെറിച്ചുവീണ മൂന്നുപേർക്കും പരിക്കേറ്റു. തലക്ക് സാരമായി പരിക്കേറ്റ കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
അടയമൺ വയാറ്റിൻകര വെള്ളാരംകുന്നിൽ വീട്ടിൽ അരുൺ ചിന്തു (32), ഭാര്യ എ.എൽ. അഖില (23), മകൾ ഐദിക (ആറ് മാസം) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 7.45 ഓടെ കുറവൻകുഴി-തൊളിക്കുഴി റോഡിൽ ആറ്റൂരിലാണ് സംഭവം. കിളിമാനൂരിൽ സാധനങ്ങൾ വാങ്ങാൻ പോയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. ആറ്റൂരിൽ കാട്ടുപന്നി ഇവരുടെ ബൈക്കിലേക്ക് വന്നിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഐദികയുടെ തലക്ക് പൊട്ടലേറ്റു. അരുണിന്റെ തോളെല്ലിനും ഗുരുതരമായി പരിക്കേറ്റു. ദിവസങ്ങൾക്ക് മുമ്പായിരുന്നു ഐദികയുടെ ചോറൂണ്.
പഴയകുന്നുമ്മേൽ പഞ്ചായത്തിലെ അടയമൺ, തൊളിക്കുഴി, ചെറുനാരകംകോട്, ആനന്ദൻമുക്ക്, മഞ്ഞപ്പാറ, കടയ്ക്കൽ - കല്ലറ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളായ കുന്നിൽക്കട, മീൻമുട്ടി അടക്കമുള്ള മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുകയാണ്. പകൽനേരങ്ങളിൽ പോലും പന്നികളുടെ ആക്രമണത്തെ ഭയന്നാണ് പ്രദേശവാസികൾ സഞ്ചരിക്കുന്നത്. വിഷയത്തിൽ അടിയന്തരമായി പഞ്ചായത്തും വനം വകുപ്പും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.