ലക്ഷ്യത്തിലെത്താതെ കിളിമാനൂർ കുടിവെള്ള പദ്ധതി
text_fieldsകിളിമാനൂർ: മൂന്ന് പഞ്ചായത്തുകളിൽ ശുദ്ധജലമെത്തിക്കാനായി വാമനപുരം നദി സ്രോതസ്സാക്കി നടപ്പാക്കിയ കിളിമാനൂർ കുടിവെള്ള പദ്ധതി ലക്ഷ്യം കാണാതെ തുടരുന്നു. നദിക്ക് കുറുകെ സ്ഥിരമായി തടയണ നിർമിക്കുമെന്ന വാഗ്ദാനവും ജലരേഖയായി തുടരുന്നു.
വേനൽ കടുത്തതോടെ വരും ദിനങ്ങളിൽ പൈപ്പ് ലൈൻ മുഖേന കുടിവെള്ളം എത്തുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇക്കുറി മഴ നേരത്തേ കുറയുകയും നദിയിൽ വലിയതോതിൽ ജലനിരപ്പ് താഴുകയും ചെയ്തു. വേനലിന്‍റെ രൂക്ഷത വർധിച്ചതോടെ വരും ദിവസങ്ങളിൽതന്നെ നീരൊഴുക്ക് പൂർണമായും കുറയാനിടയുണ്ട്.
ഉയരം കുറഞ്ഞ താൽക്കാലിക തടയണക്കായി ജലഅതോറിറ്റി ഇത്തവണയും കരാർ നൽകിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴും പ്രശ്നത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ മുൻകൈയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ചെറിയ കുടിവെള്ള പദ്ധതികൾ ഉൾപ്പെടെയുള്ള വാമനപുരം നദിയിൽ സ്ഥിരം തടയണ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജലസേചന വകുപ്പ് ഇത് സംബന്ധിച്ച് പ്രാഥമിക പഠനം നടത്തിയെങ്കിലും തുടർനടപടികൾ ഒന്നുമായിട്ടില്ല. മൂന്നരപ്പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിൽ 31 കോടി രൂപ ചെലവിട്ട് 2018ൽ യാഥാർഥ്യമായ കിളിമാനൂർ കുടിവെള്ള പദ്ധതിക്ക് തടയണ നിർമിക്കുമെന്ന് തുടക്കംമുതൽ വാഗ്ദാനമുണ്ടായിരുന്നു.
അന്നത്തെ എം.എൽ.എ ആയിരുന്ന ബി. സത്യൻ ഇതിനായി ശ്രമിച്ചിരുന്നു. എന്നാൽ, പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തടയണ നിർമിക്കാൻ അനുമതി ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. വേനൽക്കാലത്ത് പദ്ധതിയിൽ ജലദൗർലഭ്യം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തടയണ നിർമിക്കണമെന്ന ആവശ്യം വീണ്ടും ഉയരുകയും പരിഗണിക്കുമെന്ന് പഴയപടി അധികൃതർ ഉറപ്പുനൽകുകയും ചെയ്തു.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പഴയകുന്നുമ്മൽ, കിളിമാനൂർ, മടവൂർ പഞ്ചായത്തുകളിലാണ് കുടിവെള്ള പദ്ധതിയുടെ വിതരണമേഖല. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ഇരട്ടച്ചിറ കുതിരത്തടത്ത് ശുദ്ധീകരണ പ്ലാൻറും കിളിമാനൂർ പഞ്ചായത്തിലെ കൈലാസംകുന്ന് പാറയിൽ സംഭരണിയും നിർമിച്ചാണ് പദ്ധതി തുടങ്ങിയത്. 24 മണിക്കൂറും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുമെന്നാണ് പദ്ധതി തുടങ്ങുമ്പോൾ നൽകിയ ഉറപ്പ്.
എന്നാൽ, ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രമാണ് ഇപ്പോൾ വെള്ളം കിട്ടുന്നത്. ജലജീവൻ മിഷൻ വഴി നിരവധി കണക്ഷനാണ് പുതുതായി നൽകിയിട്ടുള്ളത്. കുടിവെള്ളം ലഭ്യമല്ലാത്ത കൂടുതൽ പ്രദേശങ്ങളിലേക്കായി പുതിയ കണക്ഷനുകളും നൽകിയിട്ടുണ്ട്. ഉപയോഗം വർധിക്കുന്നതോടെ ഈ വേനൽ മറികടക്കാൻ പദ്ധതിയിൽനിന്ന് ആവശ്യമായ വെള്ളം കിട്ടുമോയെന്ന ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.