അത്യന്താധുനിക നിലവാരത്തിൽ ചെയ്ത റോഡ് തകർന്നു; അപകടം നിത്യസംഭവം, അധികൃതർക്ക് മൗനം
text_fieldsകിളിമാനൂർ: അത്യന്താധുനിക നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ റോഡ് കാലാവധി കഴിയും മുന്നേ തകർന്നു. അധികൃതർ മൗനത്തിൽ. നിരത്തിൽ ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. സംസ്ഥാന പാതയിൽ കുറവൻകുഴി മുതൽ തൊളിക്കുഴി വരെയുള്ള മൂന്നുകിലോമീറ്റർ റോഡാണ് അപകടക്കെണിയായി മാറിയത്.
മൂന്നുകോടി രൂപ മുതൽമുടക്കിൽ പണിത കുറവൻകുഴി മുതൽ തൊളിക്കുഴി വരെയുള്ള റോഡിെൻറ ഇരുവശവും തകർന്ന് ഇരുചക്രയാത്രികർക്ക് അപകടക്കെണിയായി മാറി. മൂന്നുവർഷങ്ങൾക്കുമുമ്പ് പണി പൂർത്തിയാക്കിയ അത്യാധുനിക നിലവാരത്തിലുള്ള റോഡിെൻറ ഇരുവശങ്ങളും വൻ കുഴികൾ രൂപപ്പെട്ടും പൊട്ടിത്തകർന്നുമാണിരിക്കുന്നത്.
അടയമൺ പുലരി വായനശാലക്കും കോഴിവളവിനും ഇടയിലുള്ള റോഡിെൻറ വശത്തായി രൂപപ്പെട്ട കുഴിയിൽ കഴിഞ്ഞദിവസം നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെട്ടു. റോഡിെൻറ നിർമാണത്തിൽ അശാസ്ത്രീയത ആരോപിച്ച് അന്നുതന്നെ നാട്ടുകാർ രംഗത്തെത്തിയിരുന്നു. എന്നാൽ അധികൃതർ യാതൊരു നടപടിയും കൈക്കൊണ്ടില്ല. പണിതുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഒറ്റ്കാവിൽ അമ്പലത്തിന് മുൻവശത്ത് വലിയ ഒരുകുഴി രൂപപ്പെട്ടു. അടയമൺ യു.പി.എസിനു മുന്നിൽ കുഴി രൂപപ്പെടുകയും തൊട്ടടുത്ത്പുതുതായി നിർമിച്ച കലുങ്കിെൻറ ഇരുവശവും ഇടിഞ്ഞുതാഴുകയും ചെയ്തു.
റോഡിലൂടെയുള്ള അമിതഭാരവും കയറ്റിയുള്ള ടോറസ്, ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. അധികമായി ടിപ്പറുകളിൽ ബോഡി നിർമിച്ച് പാറ കയറ്റിക്കൊണ്ടുപോവുകയും ആ പാറ ഇവിടെ റോഡിൽ വീണ് അപകടം ഉണ്ടാവുകയും ചെയ്യുന്നത് പതിവാണ്. വയ്യാറ്റിൻകര കവലയിലെ ഇടുങ്ങിയ പാലം പുനർനിർമിക്കാൻ അധികൃതർ തയാറായിട്ടില്ല. പാലത്തിെൻറ ബലക്ഷയം ഇപ്പോഴും അപകടഭീഷണി ഉയർത്തുന്നുണ്ട്.
ഒരിക്കലും വറ്റാത്ത ഒരു സംരക്ഷിത കിണർ റോഡ് നിർമാണത്തിെൻറ മറവിൽ മണ്ണിട്ട് നികത്തിയെങ്കിലും പിന്നീട് ഈ ഭാഗം റോഡിനായി ഉപയോഗിച്ചില്ലെന്നും ആക്ഷേപമുണ്ട്. അഞ്ചുവർഷത്തേക്ക് വാറൻറിയുള്ള റോഡിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവില്ല എന്ന് ഉറപ്പുനൽകിയെങ്കിലും കാലാവധികഴിയും മുമ്പ് തന്നെ തകർന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.