കിളിമാനൂർ കടലുകാണിയിലും പുലിയിറങ്ങിയെന്ന്; രണ്ട് ആടുകൾ ചത്ത നിലയിൽ
text_fieldsകിളിമാനൂർ: പുലിപ്പേടി ഒഴിയാതെ കിളിമാനൂർ. തുടർച്ചയായി അഞ്ചാം തവണയും മേഖലയിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ. നാട്ടുകാരുടെ സംശയത്തെ ശരിെവക്കും വിധം വെറ്ററിനറി ഡോക്ടറുടെ മറുപടികൂടി വന്നതോടെ ഒരാഴ്ചയോളമായി മേഖലയിൽ ജനങ്ങളുടെ സ്വൈരജീവിതം കെടുത്തുന്നത് പുലിതന്നെയെന്ന് ഏറക്കുറെ ഉറപ്പിച്ച് വനപാലകരും.
കിളിമാനൂരിലെ പുളിമാത്ത് പഞ്ചായത്തിൽപെട്ട കടലുകാണിപ്പാറയിൽ കഴിഞ്ഞ ദിവസം രണ്ട് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നു. മാംസം ഭക്ഷിച്ച് അവശിഷ്ടം അതേ സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. കടലുകാണിപ്പാറക്ക് സമീപം കാർത്തികയിൽ സിന്ധുവിെൻറ വീട്ടിലെ രണ്ട് ആടുകളെയാണ് ബുധനാഴ്ച അർധരാത്രിക്കുശേഷം അജ്ഞാതജീവി ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഇതോടെ കിളിമാനൂർ മേഖലയിൽ ജനം പുലിപ്പേടിയിലാണ് ദിനരാത്രങ്ങൾ കഴിച്ചുകൂട്ടുന്നത്. ജനങ്ങളുടെ ഭീതി ഒഴിവാക്കാൻ വനം വകുപ്പ് അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പുളിമാത്ത് പഞ്ചായത്തിലെ പുളിമാത്ത്, പഴയകുന്നുമ്മേൽ, കിളിമാനൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ ഒരാഴ്ചയോളമായി പുലിയിറങ്ങിയെന്നും രാത്രികാലത്ത് ആളുകൾ വീടിന് പുറത്തിറങ്ങരുതെന്നുമുള്ള വാർത്തകൾ പരന്നിരിക്കുകയാണ്.
രാത്രിയിൽ വീടിന് പുറത്ത് ആടിെൻറ കരച്ചിൽ കേട്ടെങ്കിലും ഭയത്താൽ പുറത്തിറങ്ങിയില്ലെന്ന് സിന്ധു പറഞ്ഞു. രാവിലെ ആട്ടിൻപുരയിൽ എത്തിയപ്പോഴാണ് രണ്ട് ആടുകളെ അജ്ഞാത ജീവി കൊന്നുതിന്ന നിലയിൽ കണ്ടത്. ഉടനെ സിന്ധു പാങ്ങോട് പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് അറിയിച്ചതിനെതുടർന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ അജിത്ത് കുമാറിെൻറ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇതേസമയം തന്നെ പെരിങ്ങമ്മല സർക്കാർ ആശുപത്രിയിൽനിന്ന് വെറ്ററിനറി ഡോക്ടറും സ്ഥലത്തെത്തി. പൊലീസ് പ്രദേശത്തും നിരീക്ഷണ കാമറകൾ സ്ഥാപിച്ചു.
ഭയത്തിന് പ്രധാന കാരണം സമൂഹമാധ്യമങ്ങൾ
കിളിമാനൂർ: ഇക്കഴിഞ്ഞ മാർച്ച് മൂന്നുമുതൽ മേഖലയിൽ പലയിടങ്ങളിലായി കണ്ടെത്തിയ അജ്ഞാത ജീവി പുലിയാണെന്ന് നാട്ടുകാർ വിശ്വസിച്ചത് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ കാരണം.
വ്യാഴാഴ്ചമുതൽ പ്രചരിക്കുന്ന വാർത്തകൾക്ക് കൊഴുപ്പേകാൻ പുലിയുടെയും സമാനമായ ജീവികളുടെയും ചിത്രങ്ങൾ സഹിതമാണ്. ചില വിഡിയോകളും ഒപ്പമുണ്ട്. രാത്രിയിൽ റോഡ് മുറിച്ച് പകുതി കടന്നശേഷം തിരികെ മടങ്ങുന്ന പുലിയുടെ വിഡിയോ കിളിമാനൂരിലാണെന്ന് ജനം ഏറക്കുറെ വിശ്വസിച്ചമട്ടാണ്.
കാൽപ്പാടുകൾ പുലിയുടേതെന്ന്
കിളിമാനൂർ: കടലുകാണിയിൽ പൊലീസുകാരിയായ സിന്ധുവിെൻറ ആടുകളെ പിടികൂടിയത് കാട്ടുമൃഗം തന്നെയെന്നും മരണവെപ്രാളത്തിൽ പുറത്തുവന്ന ആടുകളുടെ മാലിന്യത്തിൽ കണ്ട കാൽപാടുകൾ പുലിയുടേതിന് സമാനമെന്നും വെറ്ററിനറി ഡോക്ടർ പറയുന്നു. എന്നാൽ, ഇതിന് വ്യക്തമായ തെളിവുകൾ ലഭ്യമല്ലെന്നും ഡോക്ടർ പറഞ്ഞു.
ജനങ്ങളേറെ താങ്ങിപ്പാർക്കുന്ന കിളിമാനൂർ മേഖലയിൽ പുലിപ്പേടി തുടങ്ങിയിട്ട് ഒരാഴ്ച. ഇക്കഴിഞ്ഞ മാർച്ച് മൂന്നിനാണ് പുളിമാത്ത് പഞ്ചായത്തിലെ പറയ്ക്കോട്ടു കോളനിയിൽ രാത്രി ഏഴരയോടെ കോളനിവാസികളിൽ ചിലർ പുലിയോട് സമാനതയുള്ള ജീവിയെ കണ്ടത്. തൊഴിലുറപ്പ് തൊഴിലാളികൾ ബഹളം കേട്ട് വീടിന് പുറത്തിറങ്ങി നോക്കുമ്പോഴാണ് അജ്ഞാത ജീവിയെ കണ്ടത്. പിറ്റേന്ന് പുല്ലയിൽ, വാമനപുരം പഞ്ചായത്തിലെ കണിച്ചോട് മേഖലയിലും പുലിയെ പലരും കണ്ടതായി പറഞ്ഞു.
ചെറുക്കാരം പാലത്തിന് സമീപം കാവസ്ഥലം കടവിലും പുലിയെ കണ്ടെത്തി. തെട്ടടുത്ത ദിവസങ്ങളിൽ വാമനപുരം, കല്ലറ, പഴയകുന്നുമ്മൽ, കിളിമാനൂർ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ പുലിയെ കണ്ടതായി പറയപ്പെടുന്നു. പുല്ലയിൽ ഭാഗത്ത് ആദ്യദിനം െവച്ച കാമറകൾ ഇനിയും വനം വകുപ്പ് ജീവനക്കാർ തുറന്ന് പരിശോധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.