അമിത ലോഡുമായി പാറ, തടിലോറികൾ; ജനം ഭീതിയിൽ, കണ്ണടച്ച് പൊലീസ്
text_fieldsകിളിമാനൂർ: സ്കൂൾ വിദ്യാർഥികളെയും രക്ഷിതാക്കളെയും ഭീതിയിലാഴ്ത്തി അമിത ലോഡുമായി പാറ, തടി ലോറികൾ ഗ്രാമീണ റോഡുകളിൽ തലങ്ങും വിലങ്ങും പായുമ്പോൾ, കണ്ടില്ലെന്ന് നടിക്കുകയാണ് പൊലീസ്. ലോറി ഉടമകളിൽ നിന്ന് കൈമടക്ക് വാങ്ങി പൊലീസ് ഇതിന് കൂട്ടുനിൽക്കുന്നുവെന്നാണ് ആക്ഷേപം.
കിളിമാനൂർ, വെള്ളല്ലൂർ, പോങ്ങനാട്, പള്ളിക്കൽ മേഖലകളിലാണ് രാപകൽ വ്യത്യാസമില്ലാതെ റോഡിൽ ഇത്തരം വാഹനങ്ങളുടെ കസർത്ത്. സ്കൂൾ സമയങ്ങളിൽ പോലും ഇവരെ നിയന്ത്രിക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇത്തരം വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപെടുനുണ്ട്.
കഴിഞ്ഞദിവസം അമിതമായി തടി കയറ്റിവന്ന ലോറി വെള്ളല്ലൂർ വട്ടക്കൈത റോഡിന് കുറുകെ കുടുങ്ങി മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കല്ലമ്പലം പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. സമീപത്തായി ഒരു യു.പി സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. കിളിമാനൂർ, പള്ളിക്കൽ സ്റ്റേഷൻ പരിധിയിൽ വരുന്ന കിളിമാനൂർ പോങ്ങനാട്-മടവൂർ- പള്ളിക്കൽ റോഡും പകൽസമയങ്ങളിൽ പാറലോറിക്കാരുടെ പിടിയിലാണ്. എൽ.പി തലം മുതൽ ഹയർ സെക്കൻഡറി വരെ ഒരു ഡസനോളം സ്കൂളുകൾ റോഡരികിലായി പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ പ്രവൃത്തിദിനങ്ങളിൽ രാവിലെ 8.30 മുതൽ 10 വരെയും വൈകീട്ട് മൂന്നുമുതൽ 4.30 വരെയും ഇത്തരം വാഹനങ്ങൾക്കുള്ള നിയന്ത്രണം ആരും പാലിക്കാറില്ല. പാറലോറികളിൽനിന്ന് വലിയ കരിങ്കൽകഷണങ്ങൾ റോഡിലേക്ക് തെറിച്ചുവീണ നിരവധി സംഭവങ്ങളുണ്ട്.
റിപ്പോർട്ട് ചെയ്താൽ പോലും പൊലീസ് ഇവരെ നിയന്ത്രിക്കാൻ തയാറല്ലെന്ന് രക്ഷിതാക്കളും അധ്യാപകരും പറയുന്നു. മേഖലയിൽ ആർ.ടി.ഒയുടെ കർശന നിയന്ത്രണം ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. അമിതമായി ഭാരം കയറ്റി വാഹനങ്ങൾ പോകുന്നതിനാൽ റോഡ് പൊളിയുന്നതും നിത്യസംഭവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.