പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ശുചിമുറി സാമൂഹികവിരുദ്ധകേന്ദ്രം
text_fieldsപഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ശുചിമുറി
കിളിമാനൂർ: സംസ്ഥാന പാതയിൽ കിളിമാനൂർ കവലയിൽ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നിർമിച്ച പബ്ലിക് കംഫർട്ട് സ്റ്റേഷൻ സാമൂഹികവിരുദ്ധരുടെ താവളമായി മാറി. ലഹരിമരുന്നുകൾ ക്രയവിക്രയം ചെയ്യുന്നതും വിദ്യാർഥികൾ ഇവ ഉപയോഗിക്കുന്നതും ഇതിനുള്ളിൽ തന്നെ.
നിരവധി തവണ ഇതിനെതുടർന്ന് സ്വകാര്യ ബസ് സ്റ്റാൻഡിൽ സംഘർഷം അരങ്ങേറിയിട്ടും ബന്ധപ്പെട്ട പഞ്ചായത്ത് ഭരണസമിതിയോ പൊലീസോ നടപടി സ്വീകരിച്ചിട്ടില്ല. തിരക്കേറിയ കിളിമാനൂർ കവലയിൽ പഞ്ചായത്ത് ശുചിമുറി സംവിധാനം ഒരുക്കിയിട്ടില്ല.
കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കംഫർട്ട് സ്റ്റേഷൻ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. ടൗണിലെത്തുന്നവർക്ക് ഏക ആശ്രയം പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ഈ കംഫർട്ട് സ്റ്റേഷൻ മാത്രമാണ്.
പൊട്ടിത്തകർന്ന് ഉപയോഗശൂന്യമായിക്കിടന്ന കംഫർട്ട് സ്റ്റേഷൻ നാട്ടുകാരുടെ പരാതിയെ തുടർന്ന് 2021-22 സാമ്പത്തിക വർഷത്തിൽ മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് പുനർനിർമിച്ചിരുന്നു. വനിതകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം സജ്ജീകരിച്ച ശുചിമുറിയിൽ സ്ത്രീകളുടേത് മൂന്ന് മാസത്തിനകം അടച്ചു.
യഥാസമയം വൃത്തിയാക്കാതെ വന്നതോടെയാണ് അടച്ചുപൂട്ടിയത്. സി.പി.എം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി ശുചിമുറി മേൽനോട്ടം കുടുംബശ്രീയെ ഏൽപ്പിച്ചു. ഇതോടെയാണ് സംവിധാനം താറുമാറായതെന്ന് വാർഡ് മെംബർ ശ്യാംനാഥ് 'മാധ്യമ'ത്തോട് പറഞ്ഞു.
ഇത് ലേലം ചെയ്ത് സ്വകാര്യവ്യക്തികൾക്ക് നൽകണമെന്ന് നിരവധിതവണ പഞ്ചായത്ത് കമ്മിറ്റിയിൽ ആവശ്യം ഉന്നയിച്ചതായും ഭരണപക്ഷത്തെ പഞ്ചായത്തംഗങ്ങൾ അടക്കം ഇതേ ആവശ്യം ഉന്നയിച്ചിട്ടും പഞ്ചായത്ത് പ്രസിഡൻറും ആരോഗ്യ സ്ഥിരംസമിതിയും നടപടി സ്വീകരിച്ചില്ലെന്നും വാർഡ് മെംബർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.