കുഴികളും വെള്ളക്കെട്ടും; നന്ദായ്വനം റോഡില്‍ യാത്രാദുരിതം
text_fieldsകിളിമാനൂർ: റോഡില്‍ നിറയെ കുഴികൾ, കുഴികൾ നിറയെ വെള്ളക്കെട്ടും. ഇതുരണ്ടും ഇല്ലാത്തിടത്ത് ടാറിളകി മെറ്റലും ചരലും നിരന്ന് കിടക്കുന്നു. ഇതിനുപുറമേ, അപകടഭീഷണിയായി വലിയൊരു കുളം. നഗരൂര്‍ പഞ്ചായത്തിലെ നന്ദായ്വനം റോഡിന്റെ നിലവിലെ അവസ്ഥയാണിത്.
ഇതോടെ പ്രദേശവാസികളുടെ യാത്ര ദുരിതപൂർണമായി. നിരവധിതവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഒടുവിൽ റെസിഡന്റ്സ് അസോസിയേഷൻ ജനകീയസമിതി രൂപവത്കരിച്ച് റിലേ സത്യഗ്രഹം ആരംഭിച്ചു. റോഡ് പണി ആരംഭിക്കുംവരെ സമരം തുടരും.
നഗരൂര്‍-കല്ലമ്പലം റോഡില്‍ പൊയ്കവിളയില്‍ നിന്നാരംഭിച്ച് വെള്ളല്ലൂര്‍ കല്ലമ്പലം റോഡിലെ ശിവന്‍മുക്കില്‍ ചേരുന്നതാണ് രണ്ടരകിലോമീറ്ററോളം വരുന്ന നന്ദായ്വനം റോഡ്. മേഖലയിലുള്ളവരുടെ പ്രധാന ആശ്രയമാണ് ഈ പാത. റോഡ് തകര്‍ന്നത് ഇതുവഴിയുള്ള ബസ് സര്‍വിസിനെയും ബാധിച്ചു.
പൊയ്കവിള ജങ്ഷന് മുതല്‍ നന്ദായ്വനം കുളങ്ങരവരെയുള്ള ഭാഗത്ത് മിക്ക സ്ഥലത്തും കുഴികളും വെള്ളക്കെട്ടുകളുമാണ്. മഴപെയ്താല്‍ ഈ ഭാഗത്തുകൂടി വാഹനങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. റോഡിൽ കുറച്ച് ഭാഗം അടുത്തിടെ ജില്ലപഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇവിടെയും ഇപ്പോള്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
അരത്തകണ്ടന്ചിറ കഴിഞ്ഞുള്ള ഭാഗമാകെ മെറ്റലുംചരലും ഇളകിക്കിടക്കുകയാണ്. ഇരുചക്രവാഹന യാത്രക്കാര്‍ ഇവിടെ നിരന്തരമായി അപകടത്തില്‍പ്പെടുന്നുണ്ട്. ശിവന്മുക്കിലേക്ക് പോകുമ്പോള്‍ റോഡിന്റെ ഇടതുവശത്തായി റോഡിനോട് ചേര്‍ന്നാണ് അരത്തകണ്ടന് ചിറ.
റോഡരികില്‍ രണ്ടടിയോളം ഉയരത്തില്‍ കുളത്തിന്റെ മതില്‍ക്കെട്ടുണ്ടായിരുന്നു. റോഡ് നവീകരിച്ചപ്പോള്‍ ഈ ഭാഗം മണ്ണിട്ടുയര്‍ത്തിയപ്പോള്‍ കുളത്തിന്റെ വടക്കുകിഴക്കേ ഭാഗത്തെ മതില്‍ക്കെട്ട് റോഡിനടിയിലായി. എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
കുളത്തിന് മതിലോ വേലിയോ നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. നിരവധി സ്കൂള്‍ ബസുകള്‍ ഈ റോഡിലൂടെ ദിവസവും കടന്നുപോകുന്നുണ്ട്. റോഡ് നിര്‍മിച്ചപ്പോള്‍ ഓടയുള്പ്പെടെ സംവിധാനങ്ങള്‍ ഒരുക്കാത്തതും മതിയായ നീര്‍വാര്‍ച്ച സംവിധാനങ്ങളില്ലാത്തും റോഡിന്റെ നാശത്തിനിടയാക്കിയതായി നാട്ടുകാർ പറയുന്നു. ശാസ്ത്രീയമായ റോഡ് നിര്‍മാണം നടത്തിയെങ്കിലേ റോഡിലെ ദുരിതത്തിന് പരിഹാരമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.