പള്ളിക്കലിലെ പാറക്വാറി: പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവെച്ചു
text_fieldsകിളിമാനൂർ: പള്ളിക്കൽ പഞ്ചായത്തിലെ പാറക്വാറിയുടെ പ്രവർത്തനം നിർത്തിവെപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സെക്രട്ടറിയെ ഉപരോധിച്ചു. സമരത്തിൽ പങ്കെടുത്ത രണ്ട് കോൺഗ്രസ് അംഗങ്ങളടക്കം ഏഴുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
കണ്ടാലറിയാവുന്നവരെയും പ്രതിചേർത്തിട്ടുണ്ട്. പഞ്ചായത്തിലെ 12ാം വാർഡിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ നാട്ടുകാർ പരാതി നൽകിയിരുന്നു. പ്രദേശവാസികളുടെ ജീവനും സ്വത്തിനും ക്വാറി ഭീഷണിയാണെന്ന് പരാതിയിൽ ആരോപിച്ചിരുന്നു.
എന്നാൽ, ക്വാറിയുടെ പ്രവർത്തനാനുമതി റദ്ദാക്കാൻ പഞ്ചായത്ത് സെക്രട്ടറി തയാറായില്ല. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ ശനിയാഴ്ച പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. വനിത സെക്രട്ടറിയെ ഓഫിസിൽ തടഞ്ഞുവെക്കുകയും ചെയ്തു.
തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തിങ്കളാഴ്ച പ്രവർത്തനാനുമതി നിർത്തിവെക്കാൻ നോട്ടീസ് നൽകുമെന്ന സെക്രട്ടറിയുടെ ഉറപ്പിൽ നാട്ടുകാർ പിരിഞ്ഞുപോയി. സമരത്തിൽ ഭരണകക്ഷിയിലെ ഒരംഗവും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
എന്നാൽ, സെക്രട്ടറിയെ ഉപരോധിച്ചതിൽ പ്രതിഷേധിച്ച് പള്ളിക്കൽ പഞ്ചായത്ത് ഓഫിസിലെ ജീവനക്കാർ തിങ്കളാഴ്ച പണിമുടക്കി. രാവിലെ ഓഫിസിലെത്തിയെങ്കിലും ഒപ്പിടാതെയും സേവനങ്ങൾ നൽകാതെയുമായിരുന്നു പ്രതിഷേധം.
സമരക്കാർ സെക്രട്ടറിയെ തടഞ്ഞുവെച്ചതായും ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനിറങ്ങിയപ്പോൾ ൈകയേറ്റത്തിന് ശ്രമിച്ചെന്നും ജീവനക്കാർ പറയുന്നു. അതേസമയം, പാറമട വിഷയം ചർച്ചചെയ്യാൻ ചെന്ന നാട്ടുകാരോട് സെക്രട്ടറി മോശമായാണ് പെരുമാറിയതെന്ന് പഞ്ചായത്തംഗം എ. ഷിബിലി പറഞ്ഞു.
കുളക്കട വാർഡിലെ ക്വാറിയെ സംബന്ധിച്ചാണ് പരാതിയുയർന്നത്. സ്കൂൾ ബസുകളടക്കം വാഹനങ്ങൾ കടന്നുപോകുന്ന ആയിരവില്ലി ക്ഷേത്രം-വേളമാനൂർ റോഡിലും വീടുകൾക്ക് മുന്നിലും പാറ പൊട്ടിവീഴുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
ഉപരോധസമരത്തിൽ നാട്ടുകാർക്കൊപ്പം നിന്ന സി.പി.എം അംഗത്തെയും പാർട്ടിപ്രവർത്തകരെയും ഒഴിവാക്കി കോൺഗ്രസ് അംഗങ്ങളുടെ പേരിൽമാത്രമാണ് കേസെടുത്തതെന്ന് നേതാക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.