റോഡ് നിർമാണത്തിന് ഒച്ചിഴയും വേഗം
text_fieldsകിളിമാനൂർ: റോഡ് പുനർനിർമാണം തുടങ്ങി ഒരുവർഷം കഴിഞ്ഞിട്ടും പ്രവർത്തികൾക്ക് ഒച്ചിഴയുംവേഗം. ആദ്യഘട്ട നിർമാണം പൂർത്തിയായെങ്കിലും അശാസ്ത്രീയമായാണ് പണികൾ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇതു സംബന്ധിച്ച് എക്സിക്യൂട്ടിവ് എൻജിനീയർക്കും വകുപ്പുമന്ത്രിക്കും നാട്ടുകാർ നിവേദനം നൽകി.
തിരുവനന്തപുരം-കൊല്ലം ജില്ല അതിർത്തിയിലൂടെയുള്ള തട്ടത്തുമല-വട്ടപ്പച്ച-ചാറയം-മിഷ്യൻകുന്ന് റോഡ് നിർമാണമാണ് ഇഴയുന്നത്. നിലമേൽ-കടയ്ക്കൽ റോഡിൽ ആഴാന്തക്കുഴി, ആറ്റുപുറം കവലകളിൽ ഈ റോഡ് സന്ധിക്കുന്നുണ്ട്. കടയ്ക്കലിലേക്ക് പോകാനുള്ള എളുപ്പവഴിയാണിത്.
അത്യന്താധുനിക രീതിയിൽ റോഡ് നിർമാണത്തിന് ഒരു വർഷം മുമ്പ് എട്ട് കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ടാറിങ്ങിന്റെ ആദ്യഘട്ടം തീർന്നിട്ട് മാസങ്ങൾ കഴിഞ്ഞു.
ചാറയം മുസ്ലിം പള്ളിക്ക് സമീപത്ത് നിലവിലുള്ള ചപ്പാത്ത് നിലനിർത്തിയാണ് നിർമാണം നടത്തിയത്. മഴ പെയ്താൽ ഇവിടെ വെള്ളക്കെട്ടാണ്. കാൽനടക്കാർക്കും പള്ളിയിലെത്തുന്നവർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ചപ്പാത്ത് ഉയർത്തുകയോ റോഡിന്റെ ഒരു വശത്ത് ഓടനിർമിച്ച് വെള്ളം ഒഴുക്കാൻ സംവിധാനമൊരുക്കുകയോ ചെയ്യണമെന്ന് പി.ഡബ്ല്യു.ഡി എൻജിനീയറോടും കോൺട്രാക്ടറോടും നാട്ടുകാർ പലയാവർത്തി പറഞ്ഞിട്ടും ഫലമുട്ടായില്ല.
റോഡിന്റെ പലയിടത്തും സംരക്ഷണഭിത്തി കെട്ടിയില്ലെന്നും മന്ത്രിക്കയച്ച പരാതിയിൽ പറയുന്നു. അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും പരിഹാരം കാണണമെന്നും മന്ത്രിക്കയച്ച നിവേദനത്തിൽ നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.