ഉദ്ഘാടനത്തിനൊരുങ്ങുന്ന പാലത്തിന്റെ അനുബന്ധ റാമ്പ് തകർന്നുവീണു
text_fieldsകിളിമാനൂർ: നിർമാണം പുരോഗമിക്കുന്ന പാലത്തിന്റെ അനുബന്ധമായുള്ള റാമ്പ് തകർന്നുവീണു. സംഭവസമയം ഈ ഭാഗത്ത് തൊഴിലാളികൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കിയതായി നാട്ടുകാർ. ആറ്റിങ്ങൽ മണ്ഡലത്തിലെ നഗരൂർ പഞ്ചായത്തിൽപെട്ട ചെമ്മരത്തുമുക്ക്-കല്ലമ്പലം റോഡിലെ വെള്ളല്ലൂർ പാലത്തിന്റെ പണിക്കിടെയാണ് വെള്ളിയാഴ്ച രാവിലെ വൻ അപകടം ഒഴിഞ്ഞുമാറിയത്. നിർമാണം നടക്കുന്ന പാലത്തിനോട് ചേർന്ന് കാൽനടക്കാർക്കായി നിർമിച്ച റാമ്പാണ് തകർന്നത്. ഇരുപതടിയോളം ഉയരത്തിലായി തറയിൽനിന്ന് അടുക്കിക്കയറിയ കരിങ്കല്ലാണ് നിലംപതിച്ചത്.
നിർമാണത്തിന്റെ ആദ്യഘട്ടത്തിലും സമാനമായ ഒരപകടം സംഭവിച്ചു. പാലത്തിന്റെ ഫില്ലറുകൾക്കായി കെട്ടിയുയർത്തിയ ഇരുമ്പു കമ്പികളിൽ രണ്ടെണ്ണം തകർന്നുവീണിരുന്നു. ഇത് വലിയ വാർത്തയായി. അതേസമയം, സംഭവത്തിന് കാരണം നിർമാണത്തിലെ പാളിച്ചയല്ലെന്ന് പി.ഡബ്ല്യൂ.ഡി റോഡ് വിഭാഗം എ.ഇ സുബോദ് ‘മാധ്യമ’ത്തോട് പറഞ്ഞു. പാലത്തിന്റെ നിർമാണ പ്രവൃത്തികൾ ഏറക്കുറെ പൂർത്തിയായി. ഓണത്തിന് മുന്നോടി വാഹനങ്ങൾ കടത്തിവിടാൻ റോഡ് വശങ്ങളിൽ വീതികൂട്ടിയ ഭാഗത്ത് മണ്ണ് നിരത്തി. ഇത് ഉറപ്പിക്കാൻ വൈബ്രേറ്റർ ഉപയോഗിച്ചപ്പോൾ ശക്തി കൂടിപ്പോയതാണ് റാമ്പ് ഇടിഞ്ഞുവീഴാൻ കാരണമെന്നും എ.ഇ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.