പാറയുമായി വന്ന ടോറസ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു; അടയമണിൽ അപകടങ്ങൾ തുടർക്കഥ
text_fieldsകിളിമാനൂർ: സംസ്ഥാനപാതയിൽ കുറവൻകുഴി-കടയ്ക്കൽ റോഡിൽ അടയമൺ കയറ്റത്തിൽ പാറയുമായിവന്ന റോടസ് ലോറി നിയന്ത്രണംവിട്ട് താഴേക്ക് മറിഞ്ഞു.
അപകടത്തിൽ ആളപായമില്ല. പാറലോറികൾ മറിഞ്ഞും മറ്റ് വാഹനങ്ങളിലിടിച്ചും ലോറികളിൽ നിന്ന് കൂറ്റൻ പാറക്കഷണങ്ങൾ റോഡിലേക്ക് വീണുമുള്ള അപകടങ്ങൾ തുടർക്കഥയാണെന്ന് നാട്ടുകാർ. അപകടങ്ങൾ കിളിമാനൂർ പൊലീസിൽ അറിയിച്ചാലും നിയമനടപടികെളടുക്കാതെ ഒതുക്കിത്തീർക്കുകയാണ് പതിവെന്നും ആക്ഷേപമുണ്ട്.
തിങ്കളാഴ്ച രാവിലെ 11 ഒാടെയായിരുന്നു സംഭവം. വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ പാറകളുമായി കടയ്ക്കൽ കുമ്മിൾ ഭാഗത്ത് നിന്ന് വന്ന നിരവധി ലോറികളിലൊന്നാണ് അടയമൺ ഇറക്കത്തിൽ ബ്രേക്ക് നഷ്ടമായി മറിഞ്ഞത്. നൂറുകണക്കിന് ലോറികളാണ് ഇത്തരത്തിൽ ഒരു മാനദണ്ഡവുമില്ലാതെ അനുവദനീയമായതിലും പലമടങ്ങ് ഭാരവുമായി ഇതുവഴി സഞ്ചരിക്കുന്നത്.
ലോറികളുടെ അശ്രദ്ധമായ പാച്ചിലിൽ നിത്യവും മേഖലകളിൽ നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. മിക്കപ്പോഴും പാറ ലോറികളിലെ ഡ്രൈവർമാർ മൊബൈൽ ഫോണടക്കം ഉപയോഗിച്ചാണ് ലോറി ഓടിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ടോറസ് ലോറികളുടെ ഓട്ടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് പി.ഡബ്ല്യു.ഡി അധികൃതർ ഇതുവഴി അമിതഭാരം കയറ്റിയ ലോറികളെ വിലക്കിയിരുന്നു.
എന്നാൽ, ഈ വിലക്കിന് പുല്ലുവില കൽപിച്ചാണ് ലോറികൾ ഇവിടെ തലങ്ങും വിലങ്ങും പായുന്നത്. ഇത് തടയേണ്ട പൊലീസ്, മോട്ടോർവെഹിക്കിൾ ഉദ്യോഗസ്ഥർക്ക് യഥാസമയം പാറ മാഫിയ മാസപ്പടി നൽകി കൈയിലെടുത്തിരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ സമീപത്തെ വീട് അത്ഭുതകരമായാണ് തകർച്ചയിൽ നിന്ന് രക്ഷപ്പെട്ടത്. ഒരു പ്ലാവും അഞ്ചോളം റബർമരങ്ങളും പൂർണമായും തകർത്താണ് ലോറി താഴേക്ക് മറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.