മൂന്നംഗ ആട് മോഷ്ടാക്കൾ പിടിയിൽ
text_fieldsകിളിമാനൂർ: പള്ളിക്കൽ മേഖലയിൽ നിരവധി വീടുകളിൽനിന്ന് ആടുകളെ മോഷ്ടിച്ച കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളിലൊരാൾ കഞ്ചാവ് കേസിലടക്കം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കന്യാകുമാരി രാമവർമച്ചിറ മേപ്പാലം നിരപ്പുകാല പുത്തൻവീട്ടിൽ അശ്വിൻ (23), കോട്ടയം പാല പരവൻകുന്ന് മാങ്കുഴി ചാലിൽവീട്ടിൽ അമൽ (21), പള്ളിപ്പുറം ചാച്ചിറ ഷഫീഖ് മൻസിലിൽ (ചായപ്പുറത്ത് വീട്) ഷമീർ (21) എന്നിവരെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ജില്ലക്കകത്തും പുറത്തുമായി നിരവധി മോഷണ കേസുകളിലെ പ്രതികളായ ഇവർ ചാങ്ങയിൽകോണത്ത് ഹബീബ മൻസിലിൽ സജീനയുടെ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് അറസ്റ്റിലായത്. കഴിഞ്ഞ 31ന് പുലർച്ച മൂന്നിന് സജീനയുടെ വീട്ടിൽനിന്ന് ആടിനെയും കുട്ടിയെയും സംഘം മോഷ്ടിച്ചു. പരാതിയെതുടർന്ന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾ ഉപയോഗിച്ച മാരുതി കാർ, ബൈക്ക്, സ്കൂട്ടർ എന്നിവ കണ്ടെത്തി. കാർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ മംഗലാപുരം പാച്ചിറയിൽ ഷമീറിെൻറ വീട്ടിൽനിന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ ചടയമംഗലം സ്റ്റേഷൻ പരിധിയിൽ എലികുന്നം മുകളിൽനിന്ന് ആഗസ്റ്റ് 23ന് മൂന്ന് ആടുകൾ, അതേദിവസം പുലിയൂർകോണത്തുനിന്ന് ഒരാട്, 31ന് തട്ടത്തുമല പെരിങ്കുന്നം സമീർ മൻസിലിൽ തൗഫീക്കിെൻറ ആട് എന്നിവ മോഷ്ടിച്ചത് ഇവരാണെന്ന് കണ്ടെത്തി.
കൂടാതെ ആര്യനാട്, ആറ്റിങ്ങൽ, ചിറയിൻകീഴ്, വെഞ്ഞാറമൂട്, കഠിനംകുളം, വർക്കല, നെടുമങ്ങാട്, മംഗലാപുരം, രാമപുരം, കോട്ടയം ജില്ലയിലെ പാമ്പാടി, പൊൻകുന്നം, കറുകച്ചാൽ, മണിമല അടക്കം സ്റ്റേഷനുകളിൽ പിടിച്ചുപറി, മാല പൊട്ടിക്കൽ, കവർച്ച കേസുകളിൽ ഇവർ പ്രതികളാണ്. ഇവരിൽ ഷമീർ ആറ്റിങ്ങലിൽ അടുത്തിടെ നടന്ന രണ്ടരകിലോ കഞ്ചാവ് കടത്ത് കേസിലെ പ്രതിയാണ്. ഇയാളിൽനിന്ന് പൊട്ടിയ സ്വർണമാലയും ലോക്കറ്റും കണ്ടെടുത്തു. ഇവ മോഷണം പോയവർ പള്ളിക്കൽ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ഓഫിസർ പി. ശ്രീജിത്ത് അറിയിച്ചു.
അന്വേഷണസംഘത്തിൽ എസ്.ഐ എം. സഹിൽ, എ.എസ്.ഐമാരായ മനു, അനിൽകുമാർ, ഷാഡോ പൊലീസ് എ.എസ്.ഐ ദിലീപ്, പൊലീസുകാരായ രാജീവ്, ഷിജു, ജയപ്രകാശ്, വിനീഷ് തുടങ്ങിയവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.