ടിപ്പർ കവർന്നത് പോങ്ങനാട്ടുകാരുടെ സ്വന്തം ഉഷച്ചേച്ചിയെ...
text_fieldsകിളിമാനൂർ: ടിപ്പർ കവർന്ന പോങ്ങനാട്ടുകാരുടെ സ്വന്തം ഉഷച്ചേച്ചിയുടെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. അപകടത്തിൽ അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ഭർത്താവ് മോഹനന്റെ നില ഗുരുതരമായി തുടരുന്നു. ഇദ്ദേഹത്തെ മരണവിവരം അറിയിച്ചശേഷം സംസ്കരിക്കാമെന്നുകരുതി വീട്ടുകാർ ഒരുദിവസം കാത്തെങ്കിലും നിലയിൽ കാര്യമായ പുരേഗതിയില്ലാത്തതിനാൽ വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ 6.30നാണ് സംസ്ഥാനപാതയിൽ വെഞ്ഞാറമൂടിനുസമീപം കീഴായിക്കോണത്ത് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ പിന്നിൽനിന്ന് അതേ ദിശയിൽവന്ന ടിപ്പറിടിച്ചത്. അപകടത്തിൽ കിളിമാനൂര്‍ പോങ്ങനാട് മഞ്ജേഷ് ലാൻഡില്‍ ഉഷ, ഭര്‍ത്താവ് മോഹനൻ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉഷയുടെ ജീവൻ രക്ഷിക്കാനായില്ല.
ഗുരുതര പരിക്കേറ്റ മോഹനനെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന്, തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. മോഹനൻ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപകടം നടന്ന് ഏറെക്കഴിയും മുമ്പ് വി.എസ്.എസ്.സിയിലെ താൽക്കാലിക ഡ്രൈവർമാരായ മക്കൾ മഞ്ജേഷും മനേഷും ഇതുവഴി ജോലി സ്ഥലത്തേക്ക് പോയെങ്കിലും അപകടത്തിൽപെട്ടത് അച്ഛനമ്മമാരാണെന്ന് അറിഞ്ഞിരുന്നില്ല. സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ പോങ്ങനാട്ട് സജീവ പ്രവർത്തകയായിരുന്ന ഉഷ നാട്ടുകാർക്ക് ഏറെ പ്രിയങ്കരിയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന ഇവർ മികച്ച കർഷക കൂടിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.