യാത്രാദുരിതത്തിന് പരിഹാരമാകുന്നു
text_fieldsകിളിമാനൂർ: ദേശീയ-സംസ്ഥാന പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാരേറ്റ്-നഗരൂർ റോഡിലെ ചെറുക്കാരം പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്. കാലവസ്ഥ അനുകൂലമെങ്കിൽ ഈ മാസം അവസാനത്തോടെ വാഹനങ്ങൾ കടത്തിവിടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലം നിർമാണം തുടങ്ങിയത്. നാലു കോടിയാണ് ചെലവിടുന്നത്. ഡിസംബർ വരെയാണ് നിർമാണ കാലാവധി. പാലം തുറക്കുന്നതോടെ റോഡിലെ ദീർഘനാളായുള്ള യാത്രാദുരിതത്തിന് കൂടിയാണ് ശാശ്വത പരിഹാരമാകുന്നത്. കാരേറ്റ്-നഗരൂർ റോഡ് നേരത്തെ ആധുനികരീതിയിൽ നവീകരിച്ചതോടെ ഈ റോഡിൽ വാഹന ഗതാഗതവും വർധിച്ചിരുന്നു. എന്നാൽ നഗരൂരിലെയും ചെറുക്കാരത്തെയും പാലങ്ങൾ റോഡിനൊപ്പം വികസിപ്പിക്കാതെ കുപ്പിക്കഴുത്തുപോലെ തുടരുകയായിരുന്നു.
1955ൽ നിർമിച്ച ചെറുക്കാരം പാലം തകർച്ചയിലെത്തിയിരുന്നു. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് എം.എൽ.എ ഇടപെട്ടാണ് പാലങ്ങൾ പൊളിച്ചുപണിയാൻ പദ്ധതി തയാറാക്കിയത്. കഴിഞ്ഞവർഷം ഒക്ടോബർ ആദ്യവാരം നഗരൂർ പാലത്തിന്റെ പണി തുടങ്ങി. ജനുവരിയിൽ പൂർത്തിയായതോടെ ആഴ്ചകൾക്ക് ശേഷം ചെറുക്കാരം പാലവും പൊളിച്ച് പണി തുടങ്ങി. തിരക്കേറിയ നഗരൂർ-കാരേറ്റ് റോഡിൽ പാലങ്ങളുടെ പണിക്കായി റോഡ് ഭാഗികമായി അടച്ചിട്ടതോടെ ഒരുവർഷമായി വലിയവാഹനങ്ങളുടെയടക്കം യാത്ര ക്ലേശമായിരുന്നു.
അനുവദിക്കപ്പെട്ട കാലാവധിക്കുമുമ്പുതന്നെ പാലം പണി പൂർത്തിയാകുന്നതിന്റെ ആശ്വാസവും യാത്രക്കാർക്കുണ്ടാവും. മലയോര മേഖലകളിൽ നിന്നുള്ളവർക്ക് ആറ്റിങ്ങൽ, കല്ലമ്പലം എന്നിവിടങ്ങളിൽ എളുപ്പം എത്തിച്ചേരാൻ കഴിയുന്നതാണ് ഈ റോഡ്. നിർമാണം വേഗത്തിൽ നടക്കുകയാണെന്നും ഈ മാസം തുറന്നുനൽകാമെന്ന് പ്രതീക്ഷിക്കുന്നതായും ഒ.എസ്. അംബിക എം.എൽ.എ മാധ്യമത്തോട് പറഞ്ഞു. പാലത്തിന്റെ അനുബന്ധ നിർമാണ പ്രവർത്തനങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നാട്ടുകാർ ആവശ്യപ്പെട്ട പ്രകാരമുള്ള റാമ്പുകൾ, പാലവുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ ഭാഗങ്ങൾ എന്നിവയടക്കുള്ള പണികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.