കാട്ടുപന്നി ഭീതിയിൽ ഗ്രാമങ്ങൾ; ജീവനും സ്വത്തിനും ഭീഷണി
text_fieldsകിളിമാനൂർ: കാട്ടുപന്നികൾ രാപകൽ ഭേദമില്ലാതെ വിഹരിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ. കാർഷിക വിളകൾ വൻതോതിൽ നശിപ്പിക്കുന്നതിനൊപ്പം ജീവനുകൂടി ഭീഷണിയായതോടെ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻപോലും ഭയക്കുകയാണ് ജനം.
പള്ളിക്കലിൽ കഴിഞ്ഞമാസം 25ന് രാത്രി കടയടച്ച് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗൃഹനാഥൻ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്കിൽനിന്ന് തെറിച്ചുവീണ് മരിച്ചു. പള്ളിക്കൽ, മടവൂർ, നഗരൂർ, പഴയകുന്നുമ്മൽ പഞ്ചായത്തുകളിൽ നിരവധി പേർക്ക് പകൽ സമയങ്ങളിൽപോലും പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ സംഭവങ്ങളുണ്ട്.
മാസങ്ങൾക്ക് മുമ്പ് പള്ളിക്കൽ ആനകുന്നത്തുവെച്ച് രാത്രി കാട്ടുപന്നി ആക്രമിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഓട്ടോ ഡ്രൈവർ ദീപു (46) മരിച്ചു. മുല്ലനല്ലൂരിൽ ഫർണിച്ചർ കട നടത്തിവന്ന വെളിനല്ലൂർ ആറ്റൂർക്കോണം ചെറുന്നല്ലൂർ മേലതിൽ വീട്ടിൽ പ്രസാദ് (55) കഴിഞ്ഞ മാസം 25ന് കടയടച്ച് വീട്ടിലേക്ക് വരുന്നതിനിടെ കാട്ടുപുതുശ്ശേരിയിൽ കാട്ടുപന്നി ബൈക്കിൽ വന്നിടിച്ച് റോഡിലേക്ക് തെറിച്ചു വീണ് മരിച്ചു.
ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് പ്രസാദിന്റെ മരണത്തിലൂടെ നഷ്ടമായത്. ഏറെ തിരക്കേറിയ മടത്തറ-പാരിപ്പള്ളി റോഡിൽ രാത്രിയിൽ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എട്ട് പഞ്ചായത്തുകളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. പകൽ സമയങ്ങളിൽപോലും വീട്ടുമുറ്റത്തും റബർ പുരയിടങ്ങളിലും പന്നികൾ നിരവധി പേരെ ആക്രമിച്ച സംഭവങ്ങളുണ്ട്. ഒരുമാസം മുമ്പ് കിളിമാനൂർ പഞ്ചായത്തിലെ പുതുമംഗലത്ത് ജ്വല്ലറി ജീവനക്കാരനായ പ്രദീപിന് ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാട്ടുപന്നിയിടിച്ചിട്ട് പരിക്കേറ്റിരുന്നു. കിളിമാനൂർ ഭാഗത്ത് സംസ്ഥാന പാതയിൽപോലും കാട്ടുപന്നികൾ റോഡിന് കുറുകെ ഓടി അപകടമുണ്ടാക്കുന്ന സംഭവങ്ങളുണ്ട്.
വിളകൾ നശിപ്പിക്കുന്നതുമൂലം ഒരിടത്തും കൃഷി ചെയ്യാൻ സാധിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. മരച്ചീനി, വാഴ, ചേമ്പ്, ചേന, നെല്ല് എന്നിവയെല്ലാം രാത്രികാലങ്ങളിൽ കൂട്ടത്തോടെ നശിപ്പിക്കുകയാണ്. കൃഷിയിടങ്ങളിൽ വൻ തുക മുടക്കി കമ്പിവേലികൾ നിർമിച്ചിട്ടും ഫലമില്ല. വൻ തുക മുടക്കി ചെയ്യുന്ന കൃഷി പന്നി നശിപ്പിച്ചാൽ നഷ്ടപരിഹാരവും ലഭിക്കുന്നില്ല.
പന്നി ശല്യത്തിന് പരിഹാരം തേടി പഞ്ചായത്തുകളെ സമീപിച്ചിട്ടും പരിഗണന ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. ശല്യം വർധിച്ച മേഖലകളിൽ പന്നികളെ വെടിവെച്ചു കൊല്ലാൻ നടപടി സ്വീകരിച്ചെങ്കിലും ഒന്നോ രണ്ടോദിവസം മാത്രമായി ഒതുങ്ങി. സ്വത്തിനും ജീവനും ഭീഷണിയായി തുടങ്ങിയ കാട്ടുപന്നി ശല്യത്തിന് പരിഹാരമുണ്ടാകണമെന്നും നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.