ലൈഫ് വീടിനായി ഒരു ‘ലൈഫ്’ മുഴുവൻ കാക്കണോ?
text_fieldsകിളിമാനൂർ: ‘ഭിന്നശേഷിക്കാരനായ മകനുമായി 10 വർഷമായി വാടക വീട്ടിലാണ്. വീടിനായി അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം പത്തായി, മൂന്ന് വർഷം മുമ്പ് ലൈഫ് ഭവന പദ്ധതിയിലും അപേക്ഷ നൽകി. ഇപ്പോഴും വ്യക്തമായ മറുപടിയില്ല...’ ഇതുപറയുമ്പോൾ രോഗിയും നിർധനനുമായ സുനിൽകുമാറിന്റെ കണ്ണുകൾ നിറഞ്ഞു.
ഇത് സുനിൽകുമാറിന്റെ മാത്രം അവസ്ഥയല്ല. മഴ കാത്തിരിക്കുന്ന വേഴാമ്പലുകളെ പോലെ വീടെന്ന സ്വപ്നവുമായി നഗരൂർ പഞ്ചായത്തിൽ മാത്രം കാത്തിരിക്കുന്നത് നൂറുകണക്കിന് പേരാണ്.
നഗരൂരിൽ പത്താം വാർഡിൽ ഉൾപ്പെട്ട നെടുമ്പറമ്പ് മൂങ്ങോട്ടുവിളവീട്ടിൽ സുനിൽകുമാറിന്റെ ഏക മകൻ അനു (15) ജന്മനാ ഭിന്നശേഷിക്കാരനാണ്. നിൽക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥ. വർഷങ്ങളായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ടാപ്പിങ് തൊഴിലാളിയായ സുനിൽ 2013ലാണ് വീടിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയത്. ജനറൽ വിഭാഗത്തിൽപെട്ടയാളാണ് സുനിൽ. ആകെയുള്ളത് മൂന്ന് സെന്റ് പുരയിടം മാത്രം. 10 വർഷമായി നെടുമ്പറത്ത് ഇറത്തിയിൽ വാടകക്ക് താമസിക്കുകയാണ്.
2020 ൽ ലൈഫ് പദ്ധതി അപേക്ഷ നൽകി. ജനറലിൽ ആകെയുള്ള അപേക്ഷകരിൽ വാർഡിൽ ഒന്നും പഞ്ചായത്തിൽ ഏഴാം സ്ഥാനവുമാണ് സുനിലിന്റേത്. എന്നിട്ടും ഇത്രകാലമായി വീട് ലഭിച്ചില്ല. അശ്രയ പദ്ധതിയിൽ ഉൾപ്പെട്ട കുടുംബമാണ്. രണ്ടുവർഷമായി ഭക്ഷ്യധാന്യങ്ങൾ ഒന്നും കിട്ടുന്നില്ലെന്ന് സുനിലിന്റെ ഭാര്യ ലൈജു പറയുന്നു.
നാലുമാസത്തോളമായി മകന് പെൻഷനും കിട്ടാറില്ല. ഇതോടെ മകന്റെ ചികിത്സയും ഉപജീവനവും അവതാളത്തിലാണ്. വീടെന്ന സ്വപ്നം യാഥാർഥ്യമാകാൻ ഇനിയും എത്രകാലം കാത്തിരിക്കണമെന്ന ചോദ്യമാണ് കുടുംബത്തിനുള്ളത്.
അതേസമയം, ജനറൽ വിഭാഗത്തിൽ 100 കുടുംബങ്ങളാണ് ലൈഫ് പദ്ധതി പ്രകാരം അപേക്ഷകരുള്ളതെന്നും ഒരാൾക്ക് പോലും വീട് നൽകാൻ കഴിഞ്ഞിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത ‘മാധ്യമ’ത്തോട് പറഞ്ഞു. ഫണ്ടിന്റെ അപര്യാപ്തതയുണ്ട്. അലോട്ട്മെന്റ് വരുന്ന മുറക്ക് ജനറൽ വിഭാഗത്തിലെ മുഴുവൻ പേർക്കും അർഹതയുള്ള എസ്.സി വിഭാഗക്കാർക്കും വീട് നൽകുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.