വേനൽമഴയ്ക്കൊപ്പം കാറ്റും മിന്നലും; വീടുകൾക്കും കൃഷിക്കും നാശം
text_fieldsകിളിമാനൂർ: വേനൽ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിലും മിന്നലിലും രണ്ട് വീടുകൾക്ക് ഭാഗിക നാശവും പലയിടത്തും കൃഷി നാശവുമുണ്ടായി. കഴിഞ്ഞദിവസം ഉച്ചക്ക് ശേഷമാണ് കിളിമാനൂർ പഞ്ചായത്തിലെ പനപ്പാം കുന്ന്, പുതുമംഗലം മേഖലകളിൽ കാറ്റ് വൻ നാശം വിതച്ചത്. പനപ്പാംകുന്ന് തോയിക്കോണത്ത് വീട്ടിൽ അനിൽകുമാറിന്റെ ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി.
ഈ സമയം വീട്ടിൽ നാലുപേർ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഷീറ്റിന്റെ ഒരു ഭാഗം അനിൽകുമാറിന്റെ ദേഹത്ത് വന്ന് തട്ടിയെങ്കിലും പരിക്കുകൾ ഒന്നുമില്ല. പനപ്പാംകുന്ന്-എൻജിനീയറിങ് കോളജ് റോഡിൽ വൻമരം കടപുഴകി വീണ് നാല് വൈദ്യുതി തൂണുകൾ തകർന്നു. അഗ്നിരക്ഷാസേനയെത്തി മരച്ചില്ലകൾ വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഈ മേഖലയിൽ വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല.
പരുത്തൻ കോട് തടത്തരികത്തു വീട്ടിൽ പ്രവീണിന്റെ വീടിന്റെ ഭിത്തിയിൽ മിന്നലേറ്റ് വിള്ളൽ വീണു. പുതുമംഗലം യു.പി.എസിനു സമീപം ചന്ദ്രഭവനത്തിൽ (പാങ്ങോട്ട്) വിജയകുമാറിന്റെ ഇരുന്നൂറിൽപ്പരം ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞു വീണു. മേഖലയിൽ പലയിടത്തും വാഴയും മരച്ചീനിയുമടക്കം കൃഷി നാശമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.