നാടിന് ദാഹിക്കുന്നു
text_fieldsകിളിമാനൂർ: ഒരു ലോകജലദിനം കൂടി കടന്നുപോകുമ്പോൾ നാട്ടിൻ പുറങ്ങൾ നേരിടുന്നത് രൂക്ഷമായ ജലക്ഷാമം. മനുഷ്യർക്കൊപ്പം വളർത്തുമൃഗങ്ങൾ പോലും ജലദൗർലഭ്യത്തിന്റെ രൂക്ഷത നേരിടുകയാണ്. ജലാശയങ്ങളും തണ്ണീർത്തടങ്ങളും കുളങ്ങളും സംരക്ഷിക്കുന്ന കാര്യത്തിൽ ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ പരാജപ്പെട്ടു. കിണറുകളും കുളങ്ങളും ബഹുഭൂരിപക്ഷവും വറ്റിത്തുടങ്ങി. റോഡുകൾ പൊളിച്ചുസ്ഥാപിച്ച പൈപ്പ് ലൈനിലൂടെ കാറ്റ് മാത്രമാണ് ലഭിക്കുന്നതെന്ന് നാട്ടുകാർ.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ട് പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം ആരംഭിച്ചു. ഇത്തവണ വേനൽച്ചൂട് നേരത്തെ ആരംഭിച്ചതാണ് ജലക്ഷാമത്തിന് കാരണം. കഴിഞ്ഞ വേനൽക്കാലങ്ങളിൽ നാട്ടിൻപ്പുറങ്ങളിൽ ജലക്ഷാമം നേരിട്ടപ്പോൾ പലരും കുഴൽക്കിണറുകൾ നിർമിച്ചു. ഇത് സാധാരണ കിണറുകൾ പെട്ടെന്ന് വറ്റാൻ കാരണമായി.
വാമനപുരം നദി, പള്ളിക്കൽ പുഴ, കിളിമാനൂരിലെ ചിറ്റാർ, ഗ്രാമീണ മേഖലയിലെ ചെറുതോടുകൾ, നൂറുകണക്കിന് കുളങ്ങൾ എന്നിവ ഏറെക്കുറേ വറ്റിക്കഴിഞ്ഞു.
വാമനപുരം നദിയിൽ നിർമിച്ചിട്ടുള്ള കുടിവെള്ള പദ്ധതികളെ ആശ്രയിച്ചാണ് പൈപ്പ് ലൈനുകൾ സ്ഥാപിച്ചത്. എന്നാൽ നദി വറ്റിയതോടെ ജലക്ഷാമം രൂക്ഷമാണ്. കൊല്ലം ജില്ലയുടെ അതിർത്തി പ്രദേശമായതിനാൽ പള്ളിക്കൽ പുഴയുടെ ചെറിയൊരു ശതമാനം ജലം മാത്രമാണ് ഈ പ്രദേശത്തുള്ളവർക്ക് ലഭിക്കുന്നത്. പഴയകുന്നുമ്മൽ, കിളിമാനൂർ, പുളിമാത്ത്, നഗരൂർ പഞ്ചായത്തുകളിലൂടെ ചുറ്റിയൊഴുകുന്ന ചിറ്റാറിൽ ഒരുമാസം മുന്നേ നീരൊഴുക്ക് നിലച്ചു.
രൂക്ഷമായ ജലക്ഷാമം നേരിടുന്ന കിളിമാനൂർ പഞ്ചായത്തിൽ ചെറുതും വലുതുമായ 50ൽപരം കുളങ്ങളുണ്ട്. വെണ്ണിച്ചിറക്കുളം, ദേവേശ്വരംകുളം അടക്കമുള്ള കുളങ്ങളെ നൂറുകണക്കിന് പേരാണ് ആശ്രയിച്ചിരുന്നത്. ഇവ പോലും പായലും കാടും കയറി നാശോന്മുഖമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.