24 വയസ്സിനിടെ 40 കേസുകളിൽ പ്രതി; ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ
text_fieldsകിളിമാനൂർ: 24 വയസ്സിനിടെ 40ൽപരം ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. പാരിപ്പള്ളി കിഴക്കനേല കടമ്പാട്ടുകോണം മിഥുൻ ഭവനിൽ അച്ചു എന്ന മിഥുനെയാണ് (24) പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ 30ന് ഏഴു വയസ്സുകാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
കഞ്ചാവിനും മറ്റ് ലഹരി വസ്തുക്കൾക്കും അടിമയായ മിഥുന്റെ പേരിൽ ജില്ലക്കകത്തും പുറത്തുമായി ക്രിമിനൽ കേസുകളുണ്ട്. കൊല്ലം ജില്ലയിലെ സ്ഥിരം കുറ്റവാളിപ്പട്ടികയിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
തമിഴ്നാട്ടിൽ 14 മാല പൊട്ടിക്കൽ, പിടിച്ചുപറി കേസുകളും ഇയാളുടെ പേരിലുണ്ട്. മിഥുൻ മാലപൊട്ടിക്കുന്നതിനിടെ പരിക്കേറ്റ വയോധിക ആശുപത്രിയിൽ അബോധാവസ്ഥയിൽ ചികിത്സയിലാണ്. പലതവണ തമിഴ്നാട് പൊലീസ് പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.
ആഡംബര ബൈക്കുകളിൽ സഞ്ചരിച്ച് സ്ത്രീകളെ അടിച്ചുവീഴ്ത്തി മാല പൊട്ടിച്ച് കടക്കലാണ് ഇയാളുടെ ശീലമെന്ന് പൊലീസ് പറഞ്ഞു. വർക്കല ഡിവൈ.എസ്.പി നിയാസിന്റെ നിർദേശാനുസരണം പള്ളിക്കൽ സി.ഐ പി. ശ്രീജിത്ത്, എസ്.ഐ എം. സഹിൽ, ബാബു, സി.പി.ഒമാരായ രാജീവ്, അജീഷ്, ഷമീർ, വിനീഷ്, സുജിത്ത്, രഞ്ജിത്, സിയാസ്, ബിജുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞദിവസം പുലർച്ച വെട്ടിയറയിലെ ആൾപാർപ്പില്ലാത്ത വീട്ടിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.