കോവളം തീരത്ത് ആംബർ ഗ്രീസിന് സമാനമായ വസ്തു അടിഞ്ഞു
text_fieldsവിഴിഞ്ഞം: കോവളം തീരത്ത് തിമിംഗല ഛർദി എന്നറിയപ്പെടുന്ന ആംബർ ഗ്രീസിന് സമാനമായ വസ്തു അടിഞ്ഞു. സ്ഥിരീകരണമായില്ലെന്ന് അധികൃതർ. ഇത്ര വലിപ്പമുള്ളത് കേരളത്തിൽ കണ്ടെത്തിയത് ആദ്യമെന്ന് അധികൃതർ വിലയിരുത്തുന്നു. വർഷങ്ങളോളം ജീവിക്കുന്ന സ്പെം വെയിലിന്റെ സാന്നിധ്യം കേരള ഉൾക്കടലിലും ഉണ്ടാകാമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. എന്നാൽ, കണ്ടെത്തിയ വസ്തു ആംബർ ഗ്രീസ് ആണെന്ന് സ്ഥിരീകരിക്കാറായില്ലെന്നും ലാബിൽ നടത്തുന്ന വിശദ പരിശോധനക്ക് ശേഷമേ പറയാനാകൂവെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചൊവ്വാഴ്ച സന്ധ്യയോടെയാണ് വെള്ളനിറത്തിലുള്ള 60 കിലോയോളം ഭാരമുള്ള വസ്തു കോവളം ഹൗവ്വാ ബീച്ചിലെ അമ്പലത്തുമൂല ഭാഗത്ത് അടിഞ്ഞത്. ആദ്യം പ്ലാസ്റ്റർ ഓഫ് പാരിസ് നിർമിതിയെന്ന് കരുതി നാട്ടുകാർ അവഗണിച്ചു. ബുധനാഴ്ച രാവിലെ തീരത്തെത്തിയ ലൈഫ് ഗാർഡുകൾ വിവരം ആദ്യം വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്ര അധികൃതരെ അറിയിച്ചത്. ഇവർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വന്യജീവി നിയമത്തിന്റെ പരിധിയിൽവരുന്ന വിഷയമായതിനാൽ വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഉച്ചക്ക് ഒന്നോടെ വനം, വന്യജീവി റാപ്പിഡ് റെസ്പോൺസ് ടീമിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ റോസ്നി ജി.എസ്, രഞ്ജിത് ആർ. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി. കണ്ടെത്തിയ സാധനം പരിശോധിച്ച് തൂക്കം ഉറപ്പുവരുത്തിയശേഷം വനം വകുപ്പ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.