പൊലീസിന് നേരെ ആക്രമണം
text_fieldsകോവളം: കൊലപാതകമുൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയെ സാഹസികമായി പിന്തുടർന്ന് പിടിക്കാൻ ശ്രമിച്ച പൊലീസിനെ കാറിടിച്ച് വീഴ്ത്തി പ്രതി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ കാഞ്ഞിരംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സനൽ കുമാറിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈവിരലിന് ഗുരുതരമായി പൊട്ടലേറ്റ ഇയാളെ അടിയന്തര സർജറിക്ക് വിധേയനാക്കി.
ബുധനാഴ്ച രാത്രി എട്ടോടെ വിഴിഞ്ഞം ചൊവ്വര ജങ്ഷനിലായിരുന്നു സംഭവം. ഒരുവർഷം മുമ്പ് പുല്ലുവിള സ്വദേശിയായ ടെന്നു എന്ന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ചംഗ സംഘത്തിലെ പ്രധാനിയാണ് അടിമലത്തുറ സ്വദേശി അജയ് (26). പ്രതിയെ പിടികൂടാൻ കാഞ്ഞിരംകുളം എസ്.ഐയുൾപ്പെട്ട സംഘം ശ്രമിക്കുന്നതിനിടെയാണ് പൊലീസിനെ കാറിടിച്ചുവീഴ്ത്തി പ്രതി രക്ഷപ്പെട്ടത്.
സംഭവശേഷം ടവർ ലൊക്കേഷൻ നോക്കി രാത്രിയിൽ നടത്തിയ പരിശോധനയിലും പ്രതിയെ കണ്ടെത്താനായില്ല. വ്യാഴാഴ്ച വൈകീട്ട് സനൽകുമാറിന്റെ മൊഴിയെടുത്തു. ബംഗളൂരുമായി ബന്ധമുള്ള കഞ്ചാവ്, മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് അജയെന്നും പൊലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കേസെടുത്തതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.