കോവളം തീരത്ത് മത്സ്യങ്ങൾ ചത്ത് കരയ്ക്കടിഞ്ഞു
text_fieldsവിഴിഞ്ഞം: ടൂറിസം കേന്ദ്രമായ കോവളം തീരത്ത് യേവ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് കരക്കടിഞ്ഞു. തീരത്ത് ദുർഗന്ധം പരന്നത് വിനോദസഞ്ചാരികളെ ബുദ്ധിമുട്ടിലാക്കി. തദ്ദേശീയമായി മുള്ളൻ പേത്തയെന്നും കടൽ മാക്രിയെന്നും വിളിപ്പേരുള്ള യേവ മത്സ്യത്തിനൊപ്പം ക്ലാത്തി മീനുകളും ചത്ത് കരക്കടിഞ്ഞത് ബീച്ച് ശുചീകരണ തൊഴിലാളികളെയും ബുദ്ധിമുട്ടിലാക്കി.
തെളിഞ്ഞ അന്തരീക്ഷവും അവധി ദിനവുമായതിനാൽ തീരം നിറയെ സഞ്ചാരികളുണ്ടായിരുന്ന സമയത്താണ് മത്സ്യങ്ങൾ കരയ്ക്കടിഞ്ഞത്. ദുർഗന്ധം രൂക്ഷമായതോടെ സഞ്ചാരികൾ സ്ഥലംവിട്ടു. വേലിയിറക്ക സമയത്ത് തീരത്തടിഞ്ഞ് കൂടിയ മത്സ്യങ്ങൾ രാത്രിയിലുണ്ടാകുന്ന വേലിയേറ്റത്തിലെ തിരയടിയിൽപ്പെട്ട് കൂടുതൽ കരയിലേക്ക് അടിഞ്ഞ് കയറാനും സാധ്യതയുണ്ട്. സാധാരണയായി മൺസൂൺ കാലത്ത് ഇത്തരം മത്സ്യങ്ങൾ ചത്ത് കരയിലെത്താറുണ്ടെങ്കിലും ഇത്രത്തോളം കൂട്ടമായി കരയ്ക്കടിയുന്നത് ആദ്യമാണെന്ന് ലൈഫ് ഗാർഡുകൾ പറഞ്ഞു. വിഷമുള്ള യേവ മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമല്ലാത്ത ഇനമാണ്. കടൽതട്ടിലെ സസ്യങ്ങൾക്ക് നാശം സംഭവിച്ച് ഓക്സിജന്റെ കുറവ് കാരണമോ കടൽക്കറയോ ആകാം കടൽ മാക്രികൾ കൂട്ടത്തോടെ ചത്ത് കരയ്ക്കടിയാൻ കാരണമെന്നാണ് കരുതുന്നതെന്ന് വിഴിഞ്ഞം കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്ര അധികൃതർ പറഞ്ഞു.
ശത്രുക്കളിൽനിന്ന് രക്ഷപ്പെടാൻ വയർ വീർപ്പിച്ച് തന്ത്രം കാണിക്കുന്ന കടൽ മാക്രികൾ മത്സ്യത്തൊഴിലാളികൾക്കും ശല്യം സൃഷ്ടിക്കുന്നവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.