കൊലക്കളമായി ബൈപാസ്; മദ്യപിച്ച് മത്സരയോട്ടം നടത്തുന്ന സംഘങ്ങൾ സജീവം
text_fieldsഅമ്പലത്തറ: കോവളം-കഴക്കൂട്ടം ബൈപാസില്‍ രാത്രി കാലത്ത് മദ്യപിച്ച് കാറിലും ബൈക്കുകളിലും മത്സരയോട്ടം നടത്തുന്ന സംഘങ്ങളുടെ അവസാനത്തെ ഇരയാണ് കഴിഞ്ഞ ദിവസം മുട്ടത്തറ ബൈപാസില്‍ പൊലിഞ്ഞ സനദിന്‍റെ ജീവന്‍. വളരെ പതിയെ ബൈപാസില്‍ ബൈക്ക് ഓടിച്ച് പോകുകയായിരുന്ന സനദിന്‍റെ ബൈക്കിനെ പിന്നില്‍ അമിതവേഗത്തില്‍ എത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സനദ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിന് മുകളിലൂടെ ഉയർന്ന് മരത്തിലിടിച്ചാണ് നിന്നത്. വാഹനത്തിലുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി. എല്ലാവരും മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍തന്നെ പറയുന്നു. ഇത്തരം സംഭവങ്ങള്‍ ഈ ഭാഗത്ത് ഇത് ആദ്യമല്ല. ഇതേ സംഭവം നടന്ന സ്ഥലത്ത് മാസങ്ങള്‍ക്ക് മുമ്പ് പോത്തന്‍കോട് സ്വദേശിയായ സൂരജ് അപകടത്തിൽ മരിച്ചിരുന്നു.
ബൈപാസിലെ അപകടഭീതിയില്‍നിന്ന് രക്ഷപ്പെടാന്‍ സർവിസ് റോഡുകളെ ആശ്രയിക്കാന്‍പോലും ഇരുചക്രവാഹനയാത്രക്കാര്‍ക്ക് കഴിയാത്ത അവസ്ഥയാണ്. സർവിസ് റോഡുകള്‍ കച്ചവടക്കാരും വാഹനപാര്‍ക്കിങ്ങുകാരും കൈയേറിയിരിക്കുകയാണ്. ഇത്തരം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ട പൊലീസും റോഡ് അധികൃതരും നോക്കുകുത്തികളായി തുടരുമ്പോള്‍ പ്രതിദിനം നടക്കുന്ന അപകടങ്ങളുടെ എണ്ണം ബൈപാസില്‍ പെരുകുന്നു. ബൈപാസില്‍ പലഭാഗത്തും രാത്രികാലത്ത് വെളിച്ചമില്ല. ഇതിന് പുറമെ കൃത്യമായ ദിശസൂചന ബോര്‍ഡുകളും പലയിടത്തുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.