ഒമിക്രോൺ: കോവളത്ത് പുതുവത്സരത്തിന് പകിട്ട് കുറഞ്ഞു
text_fieldsകോവളം: ഒമിക്രോൺ ഭീതിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതിനാൽ അന്തർദേശീയ ടൂറിസം കേന്ദ്രമായ കോവളം തീരത്ത് പുതുവത്സരാഘോഷത്തിെൻറ പകിട്ട് കുറഞ്ഞു. പൊലീസിെൻറ കാമറക്കണ്ണിലായിരുന്ന കോവളത്ത് പുതുവത്സരം ആഘോഷിക്കാനെത്തിയവരുടെ എണ്ണത്തിലും വലിയ കുറവാണ് അനുഭവപ്പെട്ടത്. തീരത്തെ റസ്റ്റാറന്റുകളും കച്ചവട സ്ഥാപനങ്ങളും ഏറെയും അടഞ്ഞുകിടന്നത് ദുരവസ്ഥക്ക് തെളിവായി. തുറന്നിരുന്ന സ്ഥാപനങ്ങളിൽ ആൾ കയറിയത് വിരളമായി മാത്രം.
കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മുന്നറിയിപ്പുകളാണ് ഇത്തവണ തീരത്തെത്തിയവരുടെ എണ്ണം കുറച്ചത്. ആഘോഷരാവുകളിൽ തീരത്ത് മുഴങ്ങിയിരുന്ന ഡി.ജെ സംഗീതം ഇത്തവണ കോവളത്ത് അന്യമായി. ടൂറിസം വകുപ്പ് ഒരുക്കിയ ചെണ്ടമേളം മാത്രമാണ് തീരത്തെ ശബ്ദമുഖരിത മാക്കിയത്.
പതിവിൽനിന്ന് വ്യത്യസ്തമായി തദ്ദേശീയ സഞ്ചാരികളേക്കാൾ കൂടുതൽ ഉത്തേരേന്ത്യക്കാരായ വിനോദ സഞ്ചാരികളാണ് കോവളത്തെത്തിയവരിൽ ഏറെയും. സന്ധ്യ ആയിട്ടും സാധാരണ ഗതിയിൽ ഉണ്ടാകുന്ന ആൾകൂട്ടത്തിെൻറ നാലിലൊന്ന് പോലും തിരക്കില്ലായിരുന്നു. പൊലീസിന് ക്രമസമാധാന പാലനം എളുപ്പമാക്കി.
ഫോർട്ട് അസി. കമീഷണറുടെയും കോവളം സർക്കിൽ ഇൻസ്പെക്ടറുടെയും നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും കോവളത്ത് വ്യന്യസിച്ചിരുന്നു. നേരെത്തെ അറിയിച്ചിരുന്നതുപോലെ 8.30ന് തന്നെ ടൂറിസം വകുപ്പൊരുക്കിയ കരിമരുന്ന് പ്രയോഗത്തോടെ, പുതുവർഷം പുലരുന്നതിന് മണിക്കൂറുകൾ മുന്നേ കോവളം തീരത്തെ ഇത്തവണത്തെ പുതുവത്സരാഘോഷത്തിന് പരിസമാപ്തി കുറിച്ചു. എട്ടിന് ശേഷം കോവളത്തെത്തിയവരെ ബീച്ചിലേക്ക് ഇറക്കാതെ മടക്കി അയച്ച പൊലീസ് ഒമ്പതോടെ തീരത്തുണ്ടായിരുന്നവരെയും തീരത്തുനിന്ന് ഒഴിപ്പിച്ചു.
എക്സൈസ് ജോ. കമീഷണർ സുൽഫിക്കർ, അസി.കമീഷണർ വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവും തീരത്ത് നിലയുറപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.