വിഴിഞ്ഞത്ത് ക്രൂ ചേഞ്ച് നിർത്തിവെക്കാൻ ഉത്തരവ്
text_fieldsകോവളം: വിഴിഞ്ഞത്ത് പുറംകടലിലുള്ള ക്രൂ ചേഞ്ച് നിർത്തിവെക്കാൻ ബ്യൂറോ ഓഫ് എമിഗ്രേഷൻ അധികൃതരുടെ ഉത്തരവ്. നിലവിൽ അനുമതി ലഭിച്ച കപ്പലുകളുടെ ക്രൂചെയിഞ്ചിങ് മാത്രം പൂർത്തിയാക്കാനും മറ്റാർക്കും അനുമതി നൽകരുതെന്നുമെന്നുമുള്ള ഉത്തരവാണ് വിഴിഞ്ഞം തുറമുഖ അധികൃതർക്ക് ലഭിച്ചത്. 2020 ജൂലൈ 15 മുതൽ വിഴിഞ്ഞത്ത് പ്രവർത്തനമാരംഭിച്ച ക്രൂചെയിഞ്ചിങ് സെൻററിനാണ് എമിഗ്രേഷൻ അധികൃതരുടെ നിർദേശം.
അന്തർ ദേശീയജലപാതയോട് ഏറെ അടുത്തുകിടക്കുന്ന വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിങ്ങിനെത്തുന്ന കൂറ്റൻ ചരക്ക് കപ്പലുകൾക്ക് തുറമുഖത്തിനുള്ളിലേക്ക് പ്രവേശിക്കാനാകാത്തതിനാൽ പുറംകടലിൽ നങ്കൂരമിട്ടാണ് ക്രൂചെയ്ഞ്ചിങ് നടത്തിവന്നിരുന്നത്.
പുറംകടലിലെ ഈ സൗകര്യം നിർത്തലാക്കിയാൽ ഫലത്തിൽ വിഴിഞ്ഞം സെൻറർ അടച്ചുപൂട്ടുന്നതിന് തുല്യമാണെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 731 കപ്പലുകളാണ് വിഴിഞ്ഞത് വന്നുമടങ്ങിയത്. ഇതിലൂടെ 10 കോടിയോളം രൂപയുടെ വരുമാനം സർക്കാറിന് ലഭിച്ചിട്ടുമുണ്ട്. ഇത് കണക്കിലെടുത്ത് ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ സർക്കാറിെൻറ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ക്രൂ ചെയ്ഞ്ചിങ് നടപടി തുടരാനാവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് സ്വീകരിക്കുമെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഔട്ടർ ആങ്കറേജിലുള്ള ക്രൂ ചേഞ്ച് അവസാനിപ്പിക്കില്ലെന്നാണ് ലഭിച്ചിരിക്കുന്ന വിവരമെന്നും മന്ത്രി അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ മാറ്റിയതിനെ തുടർന്നാണ് പുറംകടലിലുളള ക്രൂചെയിഞ്ചിങ് അടക്കമുള്ള നടപടികൾ പിൻവലിക്കുന്നതെന്നാണ് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അധികൃതരുടെ ഉത്തരവിൽ പറയുന്നതെന്നും ഈ ഉത്തരവ് നടപ്പാക്കാനാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നുമാണ് ബ്യൂറോ ഓഫ് എമിഗ്രേഷൻ പറയുന്നത്.
കോവിഡ് കാലത്ത് മറ്റ് തുറമുഖങ്ങളിൽ ക്രൂ ചേയ്ഞ്ചിന് അനുമതി നിഷേധിച്ച വേളയിൽ നിയന്ത്രിത ക്രൂ ചേയ്ഞ്ച് എന്ന നിലയിലാണ് വിഴിഞ്ഞം തുറമുഖത്തിന് പ്രവർത്തന അനുമതി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.