കടൽക്ഷോഭം: പനത്തുറയിൽ മത്സ്യബന്ധന വള്ളങ്ങൾക്ക് വ്യാപക നാശം
text_fieldsകോവളം: അപ്രതീക്ഷിതമായുണ്ടായ കടൽ ക്ഷോഭത്തിൽ പാച്ചല്ലൂർ പനത്തുറയിൽ തീരത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾക്ക് നാശനഷ്ടം. രണ്ട് വള്ളങ്ങൾ പൂർണ്ണമായി നശിച്ചു. ആറ് വള്ളങ്ങൾക്ക് കേടുപാടുണ്ടായി. കൃഷ്ണകുമാർ എന്നയാളിന്റെയും മറ്റൊരാളിന്റെയും വള്ളവും വലയും മറ്റ് ഉപകരണങ്ങളുമാണ് നഷ്ടമായത്. ഓരോരുത്തർക്കും പത്ത് ലക്ഷത്തിലധികം രൂപ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ബാബു, മുരുകൻ, ബാലകൃഷ്ണൻ, ഭുവനചന്ദ്രൻ, ശ്രീകണ്ഠൻ, മനോഹരൻ എന്നിവരുടെ വള്ളങ്ങളാണ് ഭാഗികമായി നശിച്ചത്. ഇന്നലെ പുലർച്ചെയോടെയാണ് ശക്തമായ കടൽ ക്ഷോഭമുണ്ടായത്. കമ്പവല വലിക്കുന്നതിന് സപ്പോർട്ടായി ഉപയോഗിക്കുന്ന വള്ളങ്ങളാണ് നശിച്ചതിൽ ഏറെയും. രാവിലെ മീൻ പിടിക്കാനെത്തിയ തൊഴിലാളികളാണ് വള്ളങ്ങൾ കൂട്ടിയിടിച്ച് നശിച്ചതായി കണ്ടത്.
ഉടൻ തന്നെ മറ്റ് വള്ളങ്ങൾ മാറ്റിയതിനാൽ കൂടുതൽ നശിക്കുന്നത് തടയാനായി. നശിച്ചവ രജിസ്ട്രേഷൻ ഇല്ലാത്ത വള്ളങ്ങളായതിനാൽ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ അധികൃതർ ഉറപ്പു നൽകിയിട്ടില്ല. കടലെടുത്ത വലകൾ വീണ്ടെടുക്കാൻ മറൈൻ ആംബുലൻസിൽ തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഡെപ്യൂട്ടി തഹസിൽദാർ ബൈജു, തിരുവല്ലം എസ്.ഐ തോമസ്, ഫിഷറീസ് മെക്കാനിക്കൽ എൻജിനിയർ ബിനു എന്നിവർ സ്ഥലത്ത് സന്ദർശനം നടത്തി.
സാധാരണയായി തിരയടി ബാധിക്കാത്ത സ്ഥലത്താണ് കടൽ കടന്ന് കയറിയത്. കടൽ ക്ഷോഭത്തിന്റെ അലയൊലികൾ കോവളം ബീച്ചിലുമുണ്ടായി. ഉച്ചവരെ കടൽ ഏറെ പ്രക്ഷുബ്ധമായിരുന്നതായി അധികൃതർ അറിയിച്ചു. അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്ന്അഖില കേരള ധീവരസഭ ജില്ല പ്രസിഡന്റ് പനത്തുറ പി. ബൈജു, പനത്തുറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രസിഡന്റ് പനത്തുറ പ്രശാന്തൻ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.