വിഴിഞ്ഞം തുറമുഖം: കട്ടമരത്തൊഴിലാളികൾ മന്ത്രിയെ തടഞ്ഞു; സംഘർഷം
text_fieldsകോവളം: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് തൊഴിൽ നഷ്ടപ്പെട്ട കട്ടമരത്തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ അനുവദിച്ച 2.22 കോടി രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്തില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം തൊഴിലാളികൾ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനെയും വിസിൽ എം.ഡി ദിവ്യ എസ്. അയ്യരെയും തടഞ്ഞു.
ബുധനാഴ്ച രാവിലെ കോവളത്തെ അനിമേഷൻ സെന്ററിൽ നഷ്ടപരിഹാരം വിതരണം ചെയ്യാനാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ എത്തിയത്. വിതരണം മാറ്റിവെക്കണമെന്നും നോർത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പാക്കേജിൽ തീരുമാനം ഉണ്ടായശേഷം ഒരുമിച്ച് വിതരണം ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വിഷയത്തിൽ തീരുമാനം ഉടൻ ഉണ്ടാക്കാമെന്നും നഷ്ടപരിഹാര വിതരണം തടസ്സപ്പെടുത്തരുതെന്നും മന്ത്രി ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. ഇതിനിടെ മന്ത്രി ചടങ്ങ് നടക്കുന്ന ഹാളിലേക്ക് പ്രവേശിച്ചതോടെ പ്രതിഷേധക്കാരും തള്ളിക്കയറാൻ ശ്രമിച്ചു. ഇതു തടഞ്ഞതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് മന്ത്രിയുടെ കാറിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. സംഘർഷാവസ്ഥയറിഞ്ഞ് കൂടുതൽ മത്സ്യത്തൊഴിലാളികൾ സ്ഥലത്തെത്തി കോവളം ജങ്ഷനിൽ ബൈപാസ് ഉപരോധിച്ചതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് ഫോർട്ട് എ.സി.പി എസ്. ഷാജിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. വിവരമറിഞ്ഞ് സബ് കലക്ടർ അശ്വതി ശ്രീനിവാസ്, ഡെപ്യൂട്ടി കമീഷണർ നിതിൻ രാജ് എന്നിവർ എത്തി ജമാഅത്ത് പ്രസിഡന്റ് യു. ഷാഫി, സെക്രട്ടറി അബു സാലി, നഗരസഭ കൗൺസിലർ നിസാമുദ്ദീൻ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയിൽ 24ന് ചർച്ച നടത്തി പാക്കേജ് സംബന്ധിച്ച് തീരുമാനമെടുക്കാമെന്ന ഉറപ്പിൽ പ്രതിഷേധക്കാർ ഉപരോധം അവസാനിപ്പിച്ചു.
വിഴിഞ്ഞം നോർത്ത് മേഖലയിലെ മത്സ്യത്തൊഴിലാളികളാണ് തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രതിഷേധവുമായെത്തിയത്.
തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് തൊഴിൽ നഷ്ടപ്പെട്ട വിഴിഞ്ഞം നോർത്തിലെ മത്സ്യത്തൊഴിലാളികൾക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കാത്തതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. മേഖലയിലെ 1500 ഓളം വരുന്ന കരമടി തൊഴിലാളികൾക്കും 450 ഓളം വരുന്ന ചിപ്പി തൊഴിലാളികൾക്കുമാണ് പാക്കേജ് ലഭിക്കാനുള്ളതെന്നും ചിപ്പിതൊഴിലാളികളിൽ കുറച്ചുപേർക്ക് നാമമാത്രമായ തുകയാണ് നൽകിയതെന്നും പ്രതിഷേധക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.