വർണങ്ങളിൽ കണ്ണന്മാർ നിറഞ്ഞു; നാടും നഗരവും അമ്പാടിയായി
text_fieldsതിരുവനന്തപുരം: ശ്രീകൃഷ്ണന്റെ അവതാരദിനമായ അഷ്ടമിരോഹിണി വർണാഭമായ ശോഭായാത്രയോടെ നാടെങ്ങും ആഘോഷിച്ചു. ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ അവതാരപൂജകളും എഴുന്നള്ളത്തുമായി ഭക്തര്‍ പുണ്യംതേടി. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകീട്ട് നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും നടന്ന ശോഭായാത്രകളില്‍ ബാല്യശോഭ നിറഞ്ഞൊഴുകി. സ്ത്രീകളും കുട്ടികളുമടക്കം വലിയ ജനസഞ്ചയം യാത്രയില്‍ അണിചേര്‍ന്നു.
ശ്രീകൃഷ്ണന്റെ വിവിധ ഘട്ടങ്ങൾ വിളിച്ചോതുന്ന കാളിയമര്‍ദനം, ഗോവര്‍ധനോദ്ധാരണം, അനന്തശയനം, ഗീതോപദേശം, ആലിലയില്‍ പള്ളികൊള്ളുന്ന കണ്ണന്, കുചേലവൃത്തം, പൂതനാമോക്ഷം തുടങ്ങി കൃഷ്ണകഥയിലെ കമനീയ ദൃശ്യങ്ങള്‍ കാഴ്ചാവിരുന്നായി. വാദ്യമേളവും മുത്തുക്കുടകളും, ഭജനസംഘങ്ങളും യാത്രക്ക് അകമ്പടിയായി. ശ്രാവണമാസത്തില്‍ കൃഷ്ണപക്ഷത്തിലെ അഷ്ടമിയും രോഹിണിയും ഒരുമിക്കുന്ന ദിവസമാണ് ശ്രീകൃഷ്ണജയന്തി.
ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ഒരാഴ്ച നീണ്ട ആഘോഷത്തില്‍ വൃക്ഷപൂജ, ഗോപൂജ, കലാസാഹിത്യമത്സരങ്ങള്‍, ഗോപികാനൃത്തം, ഉറിയടി എന്നിവ നടന്നു. പുണ്യമീ മണ്ണ്, പവിത്രമീ ജന്മം എന്ന ന്ദേശത്തോടെയാണ് ഇക്കൊല്ലം ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത്. ഇവയുടെ സമാപനമായാണ് ശോഭായാത്ര സംഘടിപ്പിച്ചത്.
പാളയം ഗണപതിക്ഷേത്രത്തില്‍ നിന്നും തിങ്കളാഴ്ച വൈകീട്ട് നാലിന് തലസ്ഥാനത്തെ പ്രധാന ശോഭായാത്ര കിഴക്കേകോട്ടയിലേക്ക് ആരംഭിച്ചു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്തു. പാളയം മുതല്‍ സ്റ്റാച്യു വരെ മന്ത്രി മുന്‍നിരയില്‍ നടന്നു. കേരള സർവകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹന്‍കുന്നുമ്മല്‍ പതാക ഉയര്‍ത്തി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ജന്മാഷ്ടമി ആഘോഷം നടന്നു. വൈകീട്ട് അഭിശ്രവണ മണ്ഡപത്തില്‍ അലങ്കാര ഊഞ്ഞാലില്‍ ഭഗവാന്റെ ബാലവിഗ്രഹങ്ങളുടെ ദര്‍ശനം ഉണ്ടായിരുന്നു. ജില്ലയിലെ പ്രധാനകേന്ദ്രങ്ങളായ പാറശ്ശാല, നെയ്യാറ്റിന്‍കര, മലയിന്‍കീഴ്, നെടുമങ്ങാട്, പാലോട്, പോത്തന്‍കോട്, വെഞ്ഞാറമ്മൂട്, ആറ്റിങ്ങല്‍, വര്‍ക്കല, കാട്ടാക്കട എന്നിവിടങ്ങളിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിലെല്ലാം കൃഷ്ണജയന്തി നാളില്‍ പ്രത്യേകപൂജകളും ആഘോഷവും ശോഭായാത്രയും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.