ഗെയിലും എൻ.എച്ചും നടപ്പാക്കാമെങ്കിൽ മലപ്പുറത്ത് വൈദ്യുതി നൽകാൻ തടസ്സമെന്ത്?
text_fieldsതിരുവനന്തപുരം: മലപ്പുറം ജില്ലയിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിൽ കെ.എസ്.ഇ.ബിയെ ചോദ്യമുനയിൽ നിർത്തി റെഗുലേറ്ററി കമീഷൻ. പ്രാദേശിക എതിർപ്പുകളാണ് മലപ്പുറത്തെ വൈദ്യുതി വിതരണ മേഖലയുടെ വികസനത്തിന് തടസ്സമെന്ന കെ.എസ്.ഇ.ബി വാദം കമീഷൻ തള്ളി.
2027 വരെയുള്ള വൈദ്യുതി മേഖലയിലെ മൂലധന നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന തെളിവെടുപ്പിലാണ് മലപ്പുറത്തെ വിതരണ ശൃംഖലയുടെ വികസനത്തിന് തടസ്സം പ്രാദേശിക എതിർപ്പുകളാണെന്ന വാദം കെ.എസ്.ഇ.ബിക്ക് വേണ്ടി ഹാജരായ ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത്. ഇതിനോട് വിയോജിച്ച കമീഷൻ ചെയർമാൻ ടി.കെ. ജോസ്, പൊതുജനങ്ങളിൽനിന്ന് എതിർപ്പുകളുണ്ടായാൽ അത് പൊതുജനപിന്തുണയാക്കി മാറ്റിയെടുക്കുകയാണ് വേണ്ടതെന്ന് ഒർമിപ്പിച്ചു.
മറ്റ് ജില്ലകളിലെല്ലാം സബ് സ്റ്റേഷനുകൾ സ്ഥാപിച്ചും ലൈനുകൾ വലിച്ചും വൈദ്യുതി ലഭ്യത ഉറപ്പാക്കാനായപ്പോൾ മലപ്പുറത്ത് സാധിക്കാത്തത് കാര്യക്ഷമമായ പ്രവർത്തനം ഉദ്യോഗസ്ഥതലത്തിൽ ഉണ്ടാകാത്തതുകൊണ്ടാണ്. ഗെയിലും ദേശീയപാത വികസനവും നടപ്പാക്കാനായ നാട്ടിൽ വൈദ്യുതി എത്തിക്കാൻ എന്താണ് തടസ്സമെന്ന് കമീഷനംഗം ബി. പ്രദീപും ചോദിച്ചു.
എക്സിക്യൂട്ടിവ് എൻജിനീയർക്ക് സൈറ്റിൽ പോകാൻപോലും കഴിയാത്ത സ്ഥിതിയുണ്ടെന്നായിരുന്നു കെ.എസ്.ഇ.ബിയെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥന്റെ ആരോപണം. നിർമാണപ്രവത്തനങ്ങൾ സമയബന്ധിതമായി നടത്താൻ തദ്ദേശസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ എന്നിവരുടെ സഹകരണം ഉറപ്പാക്കുകയും ചർച്ചകൾ നടത്തി പ്രശ്നപരിഹാരമുണ്ടാക്കുകയും വേണമെന്നും കമീഷൻ നിർദേശിച്ചു.
മലപ്പുറത്ത് ലക്ഷ്യമിടുന്ന വിതരണ ശൃംഖല ശക്തിപ്പെടുത്തൽ യഥാസമയം നടപ്പാക്കിയില്ലെങ്കിൽ വരുന്ന വേനൽകാലത്ത് അവിടെ ലോഡ് ഷെഡിങ് വേണ്ടിവരും. എച്ച്.ടി കണക്ഷനടക്കം നൽകാനാവാത്തവിധം വൈദ്യുതി ക്ഷാമം പരിഹരിക്കാൻ എന്താണ് കെ.എസ്.ഇ.ബി ചെയ്യാനുദ്ദേശിക്കുന്നതെന്ന വിവരങ്ങൾ ജനങ്ങളെ മാധ്യമങ്ങൾ വഴി അറിയിക്കണമെന്നും കമീഷൻ നിർദേശിച്ചു.
മലപ്പുറം, ഇടുക്കി, കാസർകോട് ജില്ലകളിലെ വിതരണ മേഖല ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തുമെന്ന് റെഗുലേറ്ററി കമീഷൻ അടുത്തിടെ ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പ്രദേശിക തടസ്സങ്ങളാണ് പ്രശ്നപരിഹാരം വൈകാൻ കാരണമെന്ന വാദം കെ.എസ്.ഇ.ബിയിൽ നിന്നുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.