കടക്ക് കുറുകെ വൈദ്യുതി പോസ്റ്റിട്ട് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: ആനയറയിൽ വലിയ പൈപ്പുകൾ ഇറക്കി മാസങ്ങളോളം ജനങ്ങള ബന്ദികളാക്കിയ ജലവകുപ്പിന് പിന്നാലെ കമലേശ്വരത്ത് വ്യാപാരസ്ഥാപനത്തിന് കുറുകെ വൈദ്യുതിപോസ്റ്റ് സ്ഥാപിച്ച് കെ.എസ്.ഇ.ബിയുടെ ദ്രോഹം. റോഡ് നവീകരണത്തിന്റെ പേരിൽ കമലേശ്വരം വലിയവീട് ലെയിനിലെ ചെരുപ്പ് കടക്ക് മുന്നിലാണ് ഇലക്ട്രിക് പോസ്റ്റ് വിലങ്ങുതടിയായി സ്ഥാപിച്ചത്.
വ്യാപാരികൾ പറഞ്ഞിട്ടും അധികൃതർ ഗൗനിച്ചില്ല. റോഡുപണിയുടെ പേരിൽ മാസങ്ങളായി കാര്യമായ കച്ചവടം തന്നെ നടക്കുന്നില്ല. അതിനിടെയാണ് വൈദ്യുതി വകുപ്പിന്റെ നടപടിയെന്ന് വ്യാപാരികൾ പറയുന്നു.
എട്ട് കോടിയുടെ പദ്ധതിയിൽ കമലേശ്വരത്ത് വെള്ളപ്പൊക്കം തടയാനള്ള ഓട നിർമ്മാണം നടക്കുന്നുണ്ട്. രണ്ട് ഭാഗത്തുമുള്ള കടകൾക്ക് മുന്നിൽ വലിയ കുഴിയെടുത്താണ് നിർമാണം. ഓടക്ക് പകരം നേരത്തേ പൈപ്പായിരുന്നു. ഇതോടൊപ്പം പോസ്റ്റുകൾ മാറ്റുന്ന പ്രവൃത്തിയാണ് വ്യാപാരികൾക്ക് വിനയായത്.
വലിയ ഇരുമ്പ് പോസ്റ്റുകൾ ഓടയുടെ ഭിത്തിയിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്നതിന് പകരം മറ്റൊരു കോൺക്രീറ്റ് കാൽ താങ്ങായി കടക്ക് മുന്നിൽ വിലങ്ങനെ സ്ഥാപിച്ചിരിക്കുകയാണ്. ഇതാണ് വ്യാപാരികളെ വലക്കുന്നത്.
വ്യാപാരികൾ ഇത് ചോദ്യം ചെയ്തതോടെ പിന്നീട് മാറ്റി കൊടുക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞത്രെ. എന്നാൽ, അവർ മാറ്റികൊടുക്കില്ല എന്നാണ് വ്യാപാരികൾ പറയുന്നത്. മാത്രമല്ല, പോസ്റ്റ് മാറ്റണമെങ്കിൽ അതിന് അപേക്ഷകനിൽ നിന്ന് പണം ഈടാക്കുന്ന രീതിയും അവർ ചൂണ്ടിക്കാട്ടുന്നു.
പലസ്ഥാപനങ്ങൾക്ക് മുന്നിലും ഇതേ രീതിയിൽ പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഓട നിർമാണം തുടങ്ങിയതോടെ കമലേശ്വരം ഭാഗത്ത് പലപ്പോഴും വൈദ്യുതി മുടക്കം പതിവാണ്. ഇതിനെതിരെ പരാതി നൽകിയിട്ടും കെ.എസ്.ഇ.ബി നടപടി സ്വീകരിച്ചിട്ടില്ല എന്നും വ്യാപാരികൾപറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.