കെ.എസ്.ഇ.ബി; ഇരുട്ടിലാകാതെ നയിക്കാൻ പുതിയ സി.എം.ഡിക്ക് കടമ്പകളേറെ
text_fieldsതിരുവനന്തപുരം: ‘ലോ വോൾട്ടേജിൽ’ പോകുന്ന കെ.എസ്.ഇ.ബിയുടെ തലപ്പത്ത് പുതിയ സി.എം.ഡിയെ കാത്തിരിക്കുന്ന പ്രശ്നങ്ങളേറെ. വ്യവസായ വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നുമാണ് ബിജു പ്രഭാകർ സംസ്ഥാനത്തെ ഏറ്റവും പ്രധാന പൊതുമേഖലാ കമ്പനിയുടെ ചുമതലക്കാരനായി എത്തുന്നത്. നല്ല വേനൽ മഴയിൽ ചൂട് കുറഞ്ഞതുകൊണ്ടുമാത്രം കഴിഞ്ഞ രണ്ടു മാസത്തിലേറെ നീണ്ട വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാവുകയായിരുന്നു. ആവശ്യകതക്ക് അനുസൃതമായ വിതരണശൃംഖലയുടെ അപര്യാപ്തതയടക്കം കെ.എസ്.ഇ.ബിയുടെ ദീർഘവീക്ഷണമില്ലായ്മ ചോദ്യംചെയ്യപ്പെട്ട സമയം കൂടിയാണ് കടന്നുപോയത്.
മാനേജ്മെന്റ് കെടുകാര്യസ്ഥതക്കെതിരെ പ്രതിപക്ഷ സംഘടനകൾക്കു പുറമേ, ഭരണപക്ഷ സംഘടനകളും രംഗത്തുവന്ന സാഹചര്യവുമുണ്ടായി. ഇതിനിടെയാണ് സി.എം.ഡിയായിരുന്ന രാജൻ ഖൊബ്രഗഡെയെ മാറ്റി പകരം ബിജു പ്രഭാകർ ‘ഹോട്ട്സീറ്റി’ലേക്ക് എത്തുന്നത്. വിലകൂടിയ വൈദ്യുതി വാങ്ങുന്നത് കുറക്കാൻ കാര്യക്ഷമമായ പദ്ധതികൾ ഉണ്ടാകാത്തതാണ് പ്രതിസന്ധിക്ക് ആക്കംകൂട്ടിയ പ്രധാന കാരണം. ആഭ്യന്തര വൈദ്യുത ഉൽപാദനത്തിന്റെ ഗ്രാഫ് ഉയർന്നില്ല. മുടങ്ങിയ ജലവൈദ്യുത പദ്ധതികൾ, സോളാർ വൈദ്യുതോൽപാദനത്തോട് അടക്കം കാട്ടുന്ന വിമുഖത, ഉപഭോഗം വർധിക്കുന്നത് മനസ്സിലാക്കി പ്രസരണ-വിതരണ ശൃംഖലകൾ നവീകരിക്കുന്നതിലെ വീഴ്ച തുടങ്ങിയവയൊക്കെ കെ.എസ്.ഇ.ബിയെ പിന്നോട്ടടിച്ചു. ആഭ്യന്തര ഉൽപാദനം കുറയുകയും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് കൂടുകയും ചെയ്യുന്നത് ഊർജവകുപ്പിന്റെയും കെ.എസ്.ഇ.ബിയുടെയും പിടിപ്പുകേടാണെന്ന ആക്ഷേപം ഭരണപക്ഷ സംഘടനകൾ പരസ്യമായി ഉന്നയിക്കുകയും ചെയ്തു.
മാനേജ്മെന്റിനെതിരെ സി.ഐ.ടി.യു നേതൃത്വത്തിലെ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ, ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ, കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ സമരം നടത്തിയത് ദിവസങ്ങൾക്കു മുമ്പാണ്. കെ.എസ്.ഇ.ബി നടപ്പാക്കുന്നത് ഇടതു സർക്കാറിന്റെ വൈദ്യുത മേഖലയിലെ നയങ്ങളല്ലെന്ന വിമർശനമാണ് ഇവർ ഉന്നയിച്ചത്.
പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റിനെതിരെ വിവിധ സമരങ്ങൾ നടത്തിവരുകയാണ്. ഇതിനിടെയാണ് സ്ഥാപനത്തിന്റെ തലപ്പത്തെ മാറ്റം. കെ.എസ്.ആർ.ടി.സിയിൽ ബിജു പ്രഭാകർ നടത്തിയ പരിഷ്കാരങ്ങൾ കൈയടിയും ചിലത് വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.