കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ ഉടൻ ആരംഭിക്കും –മന്ത്രി
text_fieldsതിരുവനന്തപുരം: നഗരത്തിലെ പ്രധാനപ്പെട്ട സർക്കാർ ഓഫിസുകൾ, ആശുപത്രികൾ എന്നിവ ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ സർവിസുകൾ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു അറിയിച്ചു.
ഈ സർക്കുലർ സർവിസുകൾ എല്ലാംതന്നെ ഒരു പ്രത്യേക നിറത്തിലുള്ളവയായിരിക്കും. ഓരോ റൂട്ടും ഓരോ നിറത്തിലാകും അറിയപ്പെടുക.
നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ എത്താതെതന്നെ നഗരത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ സാധിക്കുന്നവിധത്തിലാണ് സർവിസുകൾ വിഭാവനം ചെയ്തിരിക്കുന്നത്. ബ്ലൂ, റെഡ്, ഓറഞ്ച്, പർപ്പിൾ എന്നീ നിറങ്ങളാകും ഓരോ റൂട്ടുകൾക്ക് നൽകുക. കൃത്യമായ ഇടവേളകളിൽ ജനങ്ങൾക്ക് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുക. ആദ്യഘട്ടത്തിൽ ഏഴ് സർക്കുലർ റൂട്ടുകളിലാണ് സർവിസ് ആരംഭിക്കുക.
തുടർന്ന് 15 റൂട്ടുകളിൽ സർവിസ് നടത്തും. യാത്രക്കാർക്ക് ആയാസരഹിതമായി കയറുന്നതിനും ഇറങ്ങുന്നതിനും വീതികൂടിയ വാതിലുകളോടുകൂടിയതും രണ്ട് ചവിട്ടുപടികൾ ഉള്ളതുമായ ലോ ഫ്ലോർ ബസുകളാണ് ഇതിനായി ഉപയോഗിക്കുക. ഉദ്ദേശം 200 ബസുകളാണ് ഇതിനുവേണ്ടി ആവശ്യം വരിക. മെച്ചപ്പെട്ട യാത്ര ഒരുക്കുകയാണ് ഇതിെൻറ ലക്ഷ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.