കെ.എസ്.ആർ.ടി.സി: ആവശ്യത്തിന് ബസില്ല, നിർത്തി യാത്രയിൽ അമിതശാഠ്യവും
text_fieldsതിരുവനന്തപുരം: ആവശ്യത്തിന് ബസോടിക്കാത്തതിന് പുറമേ നിർത്തിയാത്രയുടെ പേരിലെ അമിത ശാഠ്യവും പ്രതിദിന യാത്രക്കായി കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നവരെ വലയ്ക്കുന്നു. കൂടുതൽ യാത്രക്കാരെത്തുന്ന രാവിലെയാണ് പ്രതിസന്ധി രൂക്ഷം. മൂന്നുപേരുള്ള സീറ്റിൽ േചർന്നിരിക്കുന്നതിന് പ്രശ്നമില്ലെന്നിരിക്കെ അതിനേക്കാളും സുരക്ഷിതമായി അകലം പാലിച്ച് നിന്നുള്ള യാത്രയിലാണ് അധികൃതരുടെ പിടിവാശി. രാവിലെ ഏഴിന് ശേഷം എത്തുന്ന ബസുകളിലൊന്നിലും സീറ്റുണ്ടാകില്ല. അതേസമയം ഒാരോ സ്റ്റോപ്പിലും കയറാനായി പത്തും ഇരുപതും പേർ കാത്തുനിൽക്കുന്നുണ്ടാകും. ബസിൽ കയറിപ്പറ്റിയാലും സീറ്റില്ലെങ്കിൽ ഇറക്കിവിടും. മണിക്കൂറോളം കാത്തുനിന്നാലും ബസിൽ കയറിപ്പറ്റാനാകാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. സ്വന്തമായ വാഹനമില്ലാത്തവരും സാധാരണക്കാരുമായ യാത്രക്കാരാണ് ഇൗ യാത്രാദുരിതത്തിന് ഇരയാകുന്നത്.
യാത്രക്കാരില്ലെന്ന പതിവ് പരാതിയും നഷ്ടക്കണക്കും നിരത്തുന്ന കെ.എസ്.ആർ.ടി.സി, നിരത്തിലെ ഇൗ യാത്രാവശ്യകത ബോധപൂർവം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതോടൊപ്പം സീറ്റില്ലാത്തതിനെ തുടർന്ന് ബസിനുള്ളിൽ തർക്കവും പതിവാണ്. നിർത്തിക്കൊണ്ട് പോകാനാകില്ലെന്ന് കണ്ടക്ടർമാരും ഇറങ്ങില്ലെന്ന് യാത്രക്കാരും വാശി പിടിക്കുന്നയോടെ തർക്കമാകും. ബസ് റോഡിൽ നിർത്തിയിടുന്നതുവരെ നീളുന്ന തർക്കങ്ങളുമുണ്ടാകാറുണ്ട്. ഡിപ്പോകളിൽ പോലും യാത്രക്കാർ കാത്തുനിന്ന് പ്രയാസപ്പെടുേമ്പാഴും ബദൽ ക്രമീകരണമൊരുക്കാനോ ഇടപെടാനോ ഡിപ്പോ അധികൃതരും തയാറല്ല. കൂടിയ നിരക്കിലുള്ള ബോണ്ട് സർവിസുകൾ നടത്താനാണ് ഡിപ്പോ അധികൃതർക്കും താൽപര്യം. മതിയായ കെ.എസ്.ആർ.ടി.സി സർവിസുകളില്ലാത്തതിനെ തുടർന്ന് സമാന്തര സർവിസുകളും നിരത്തിൽ സജീവമായിട്ടുണ്ട്.
ഗ്രാമീണ മേഖലകളിൽ സാമൂഹികപ്രതിബദ്ധതയുടെ പേരിൽ നടത്തിയിരുന്ന സ്റ്റേ സർവിസുകൾ കെ.എസ്.ആർ.ടി.സി അവസാനിപ്പിച്ചിട്ട് ഒന്നരവർഷത്തിലേറെയായി. തദ്ദേശ സ്ഥാപനങ്ങൾ ഇന്ധന ചെലവ് വഹിച്ചാൽ ഇത്തരം സർവിസ് പുനരാരംഭിക്കാമെന്ന നിലപാടാണ് ഇപ്പോൾ അധികൃതർക്കുള്ളത്. ഗ്രാമവണ്ടി എന്ന പേരിൽ പദ്ധതിയും ഇതിനായി പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.