കെ.എസ്.യു സമരം: ടി.കെ.എമ്മിൽ സംഘർഷാവസ്ഥ; പൊലീസ് വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കി
text_fieldsെകാല്ലം: കോവിഡ് പശ്ചാത്തലത്തിൽ സാേങ്കതിക സർവകലാശാല പരീക്ഷ നടത്തുന്നതിനെതിരെ കെ.എസ്.യു നടത്തിയ ബഹിഷ്കരണ സമരത്തെതുടർന്ന് കരിക്കോട് ടി.കെ.എം എൻജിനീയറിങ് കോളജ് കാമ്പസിൽ സംഘർഷാവസ്ഥ. കൺട്രോളർ ഒാഫ് എക്സാമിനേഷെൻറ മുറി വളഞ്ഞ്, പരീക്ഷ നടത്തുന്നത് തടയാനുള്ള സമരാനുകൂലികളുടെ ശ്രമത്തെതുടർന്ന് വിദ്യാർഥികളും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കാമ്പസിൽ കയറിയ പൊലീസ്, സമരം ചെയ്ത വിദ്യാർഥികളെ ബലംപ്രയോഗിച്ച് നീക്കി. എന്നാൽ, പൊലീസ് ക്രൂരമായി മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തെന്ന ആരോപണവുമായി കെ.എസ്.യു നേതൃത്വം രംഗത്തെത്തി.
ബി. ടെക് മൂന്നാം സെമസ്റ്റർ പരീക്ഷയാണ് വ്യാഴാഴ്ച തീരുമാനിച്ചിരുന്നത്. പരീക്ഷ ഒരുകാരണവശാലും മാറ്റില്ലെന്ന് സർവകലാശാല അധികൃതർ ബുധനാഴ്ച രാത്രിയിൽ ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ, പരീക്ഷ ബഹിഷ്കരിക്കുന്നവർക്ക് ആകാമെന്നും എഴുതാനെത്തുന്നവരെ തടയരുതെന്നും കോളജ് അധികൃതർ സമരാഹ്വാനം നടത്തിയവരുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച രാവിലെ നിരവധി വിദ്യാർഥികൾ പരീക്ഷക്കായി കോളജിൽ എത്തിയെങ്കിലും ഗേറ്റിൽ കെ.എസ്.യു പ്രവർത്തകർ തടഞ്ഞു. തുടർന്ന് കോളജ് അധികൃതർ പൊലീസിനെ വിവരമറിച്ചു. പരീക്ഷയെഴുതാൻ തയാറായിവരുന്നവരെ തടയരുതെന്ന പൊലീസ് നിർദേശത്തെതുടർന്ന് വിദ്യാർഥികളെ കോളജിൽ പ്രവേശിക്കാൻ അനുവദിച്ചു.
ഹാളുകളിൽ വിദ്യാർഥികൾ തയാറായിരിക്കെ, പരീക്ഷ സമയമടുത്തതോടെ, ചോദ്യപേപ്പറുമായി മേൽനോട്ടം വഹിക്കുന്ന അധ്യാപകർ പുറപ്പെടുന്ന കൺട്രോളർ ഒാഫ് എക്സാമിനേഷെൻറ മുറി സമരാനുകൂലികൾ ഉപരോധിച്ചു. പുറത്തേക്ക് വിടാതെ മുദ്രാവാക്യം വിളിച്ചുള്ള പ്രതിഷേധത്തെതുടർന്ന് അധ്യാപകരുമായി വാക്കേറ്റമുണ്ടായി. പിന്നാലെ പരീക്ഷ നടത്താൻ വഴിയൊരുക്കണമെന്ന് കോളജ് അധികൃതർ ആവശ്യപ്പെട്ടതോടെ പൊലീസ് കാമ്പസിൽ കയറുകയും സംഘർഷാവസ്ഥയെ തുടർന്ന് ബലംപ്രയോഗിച്ച് സമരക്കാരെ മുറിക്ക് മുന്നിൽനിന്ന് പുറത്താക്കുകയുമായിരുന്നു. ഇതിനിടയിൽ തങ്ങൾക്ക് ക്രൂരമായി മർദനമേറ്റതെന്ന് കെ.എസ്.യു പ്രവർത്തകർ ആരോപിച്ചു.
നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റതായും അവർ പറഞ്ഞു. പരിക്കേറ്റ രണ്ടാംവർഷ പ്രൊഡക്ഷൻ വിദ്യാർഥി ജസീൽ മുഹമ്മദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. സമരക്കാരെ െപാലീസ് പുറത്താക്കിയതിന് പിന്നാലെ പരീക്ഷ തടസ്സമില്ലാതെ നടന്നു. പൊലീസ് കാവൽ തുടർന്നതോടെ ഉച്ചക്കുശേഷം എം.സി.എ, എം. ടെക് പരീക്ഷകളും സുഗമമായി നടന്നു. ലാത്തിച്ചാർജ് നടന്നില്ലെന്നും പ്രതിരോധിച്ച സമരക്കാരെ സ്ഥലത്തുനിന്ന് നീക്കുകയാണ് ഉണ്ടായതെന്നും കിളികൊല്ലൂർ പൊലീസ് അറിയിച്ചു.
അമ്പതോളം വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്ണ, കെ.എസ്.യു ജില്ല പ്രസിഡൻറ് വിഷ്ണു വിജയൻ, കെ.പി.സി.സി സെക്രട്ടറി പി. ജർമിയാസ് എന്നിവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.