കുടുംബശ്രീ ബാലസദസ് 19,470 വാര്‍ഡുകളില്‍
text_fieldsതിരുവനന്തപുരം: ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്തെ 19,470 വാര്‍ഡുകളിലും കുടുംബശ്രീ ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ച് ‘ബാലസദസ്’ സംഘടിപ്പിക്കുന്നു. കുടുംബശ്രീയുടെ കീഴിലുള്ള 31,612 ബാലസഭകളില്‍ അംഗങ്ങളായ നാല് ലക്ഷത്തിലേറെ കുട്ടികള്‍ പങ്കെടുക്കും. ഇതിന്റെ ഭാഗമായി ഓരോ വാര്‍ഡിലുമുള്ള ബാലസഭകളിലെ കുട്ടികള്‍ ഒത്തുചേര്‍ന്ന് തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും കടമകളും അവകാശങ്ങളും ചര്‍ച്ച ചെയ്യും.
ഓരോ വാര്‍ഡിലുമുള്ള പ്രകൃതി സൗഹൃദ ഇടങ്ങളില്‍ രണ്ട് മണി മുതല്‍ അഞ്ചു വരെ കുട്ടികള്‍ ഒത്തുചേരും. ബാലസദസില്‍ കുട്ടികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളും സാമൂഹികപ്രശ്നങ്ങളും കുട്ടികളുടെ ആവശ്യങ്ങളും ബാലസഭ റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളായി തിരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് ആദ്യ പടി. പിന്നീട് ഒക്ടോബര്‍ 10നു മുമ്പായി ഈ റിപ്പോര്‍ട്ടുകള്‍ അതത് സി.ഡി.എസ് ഓഫിസില്‍ സമര്‍പ്പിക്കും. ഇപ്രകാരം സി.ഡി.എസ് തലത്തില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ബാലപഞ്ചായത്ത്, ബാലനഗരസഭയിലും അവതരിപ്പിച്ച ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷനും സെക്രട്ടറിക്കും സമര്‍പ്പിക്കും. റിപ്പോര്‍ട്ടിലൂടെ കുട്ടികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് തദ്ദേശ സ്ഥാപനതലത്തില്‍ പരിഹാരം കണ്ടെത്തും. അല്ലാത്തവ സംസ്ഥാന കുടുംബശ്രീ ബാലപാര്ലമെന്റില് അവതരിപ്പിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയുമാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.