കുന്നിടിഞ്ഞിട്ടും കുഞ്ചുവീട് പ്രദേശം അവഗണനയിൽ
text_fieldsതിരുവനന്തപുരം: വയനാട് പോലൊരു ദുരന്തം ഇനി ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് മലയാളികൾ. എന്നാൽ, കുമാരപുരം കുഞ്ചുവീട് പ്രദേശവാസികളുടെ അവസ്ഥ കണ്ടാൽ ദുരന്തം ഉണ്ടായാൽ മാത്രമേ അധികാരികൾ കണ്ണുതുറക്കൂവെന്നുതോന്നിയാൽ കുറ്റം പറയാനാവില്ല. കഴിഞ്ഞ മഴയത്ത് കുഞ്ചുവീട് പ്രദേശത്തിന്റെ പിന്നിലായുള്ള വലിയ കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണതാണ്. അന്നുമുതൽ പ്രദേശവാസികൾ അധികാരികളുടെ കനിവിനായി അലയുകയാണ്. ഒന്നും നടന്നില്ല. നൂറിലേറെ കുടുംബങ്ങളാണ് കുഞ്ചുവീട് പ്രദേശത്ത് വലിയ കുന്നിനുകീഴിൽ താമസിക്കുന്നത്. ഉറങ്ങിക്കിടക്കുമ്പോൾ ഏതുനിമിഷവും വീടിനുമുകളിൽ മലയിടിഞ്ഞ് വീഴുമെന്ന പേടിയിൽ വീടും നാടും ഉപേക്ഷിച്ച് പത്തോളം കുടുംബങ്ങൾ ഇവിടെനിന്ന് മാറിക്കഴിഞ്ഞു. സ്ഥലം വാങ്ങിയവർക്ക് ഇവിടെ കെട്ടിടം പണിയാൻ ഭയമാണ്. ദക്ഷിണ വ്യോമസേനയുടെ കൈവശമുള്ള ഈ കുന്നിന്റെ വിവിധ ഭാഗങ്ങൾ കഴിഞ്ഞ 10 വർഷത്തിനിടെ നിരവധി തവണ ഇടിഞ്ഞുവീണു. വ്യോമസേനക്ക് പരാതി നൽകി പ്രദേശവാസികൾ മടുത്തു. കുന്നുൾപ്പെടെ സംരക്ഷണഭിത്തിയൊരുക്കാൻ വ്യോമസേനക്ക് പദ്ധതിയുണ്ടെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായെങ്കിലും നടപടി ഇനിയും തുടങ്ങിയിട്ടില്ല.
കുന്നിടിഞ്ഞ് ഒരു മാസമായെങ്കിലും ഇതുവരെ ബന്ധപ്പെട്ടവർ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. കുന്നിന്റെ ബാക്കി ഭാഗം എപ്പോൾവേണമെങ്കിലും ഇടിഞ്ഞുവീഴുമെന്ന ഭീതിയിലാണ് നാട്ടുകാർ. രണ്ടര കിലോമീറ്റർ വരുന്ന കുന്നിന്റെ കൂറ്റൻ മരങ്ങൾ ഉൾപ്പെടെയുള്ള വലിയ ഭാഗമാണ് കഴിഞ്ഞ വലിയ മഴയത്ത് ഇടിഞ്ഞുവീണത്. അതിനോടുചേർന്ന് ബാക്കിയുള്ള വ്യോമസേനയുടെ കെട്ടിടം ഏതുനിമിഷവും ഇടിഞ്ഞുവീണ് തങ്ങളുടെ വീട് തകരുമെന്ന് വീട്ടുകാർ പറയുന്നു. ചിലയിടങ്ങളിൽ വീട്ടുകാർതന്നെ സംരക്ഷണഭിത്തി പണിതിട്ടുണ്ടെങ്കിലും വലിയ മഴയിൽ അതെത്രത്തോളം പ്രയോജനം ചെയ്യുമെന്ന് പറയാനാകില്ല.
ആഗസ്റ്റിൽ മഴ കനക്കുമെന്ന മുന്നറിയിപ്പിൽ ആളുകൾ പരിഭ്രമത്തിലാണ്. ഇടക്ക് കുന്ന് ചെറുതായി ഇടിയുന്നുണ്ട്. കുന്നിന് ഒന്നാകെ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. വാർഡ് കൗൺസിലറിൽനിന്ന് വ്യക്തമായ മറുപടി വീട്ടുകാർക്ക് ലഭിച്ചിട്ടില്ല. നിവേദനം നൽകൂ നോക്കാം എന്ന മറുപടിയാണ് വ്യോമസേന അധികൃതർ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.