ഭൂമിയേറ്റെടുക്കല്‍ അനന്തമായി നീട്ടരുത് -മനുഷ്യാവകാശ കമീഷന്
text_fieldsതിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സര്‍വകലാശാലക്കുവേണ്ടി വിളപ്പില്‍ വില്ലേജില്‍ കണ്ടെത്തിയ ഭൂമിയുടെ ഏറ്റെടുക്കല്‍ പ്രക്രിയ അനന്തമായി നീട്ടിക്കൊണ്ടുപോയി നാമമാത്ര ഭൂവുടമകളെ കഷ്ടപ്പെടുത്തരുതെന്ന് മനുഷ്യാവകാശ കമീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്.
വിജ്ഞാപനം പുറപ്പെടുവിച്ചത് 2020 ജൂണ്‍ 27നാണ്. 2021 ജനുവരി 30ന് സെക്ഷന്‍ 19 പ്രകാരമുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചു. സെക്ഷന്‍ 25 പ്രകാരം 2021 ജനുവരി 30 മുതല്‍ 12 മാസത്തിനുള്ളില്‍ കലക്ടര്‍ അവാര്‍ഡ് പാസാക്കണം.
അപ്രകാരം അവാര്‍ഡ് പാസാക്കിയില്ലെങ്കില്‍ ഏറ്റെടുക്കല്‍ നടപടി അസാധുവാകും. അങ്ങനെയെങ്കില്‍ വസ്തു ഉടമകളില്‍ നിന്ന് വാങ്ങിയ രേഖകള്‍ തിരികെ നല്‍കണം. അവാര്‍ഡ് പാസാക്കിയത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ, റവന്യൂ സെക്രട്ടറിമാരും കലക്ടറും വിശദീകരണം സമര്‍പ്പിക്കണമെന്നും കമീഷന് ആവശ്യപ്പെട്ടു. 100 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. എന്നാല്‍, നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
ഭൂമി ഏറ്റെടുത്തതിനാല്‍ വില്‍ക്കാനും കഴിയുന്നില്ല. നോട്ടിഫൈ ചെയ്ത 100 ഏക്കറില്‍ നിന്ന് ആദ്യഘട്ടത്തില്‍ ഏതുഭാഗത്തുനിന്നും 50 ഏക്കര്‍ സ്ഥലം ഏറ്റെടുക്കണമെന്നതു സംബന്ധിച്ച് അന്തിമ തീരുമാനം സര്‍ക്കാറില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് കലക്ടര്‍ കമീഷനെ അറിയിച്ചു.
മകളുടെ ചികിത്സക്കായി ലക്ഷക്കണക്കിന് രൂപ ചെലവായ പേയാട് ബി.പി നഗര്‍ സാഞ്ജലിയില് മാനുവല്‍ നേശന്‍ തന്റെ ഭൂമി വില്ക്കാനാകുന്നില്ലെന്ന് പരാതിപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് കമീഷന്റെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.