റാഗിങ്ങിനിരയായ മകനുമായെത്തിയ അഭിഭാഷകക്ക് എസ്.എഫ്.ഐ മർദനം
text_fieldsതിരുവനന്തപുരം: റാഗിങ്ങിനിരയായ വിദ്യാർഥിയുമായി കോളജിലെത്തിയ മാതാവിനെ പൊലീസ് നോക്കിനിൽക്കെ, കോളജ് വളപ്പിലിട്ട് എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചതായി പരാതി. ഹൈകോടതി അഭിഭാഷകയും ആലപ്പുഴ മഹിള മോർച്ച ജില്ല ജനറൽ സെക്രട്ടറിയുമായ നിഷ പ്രവിനെയാണ് (40) പേരൂർക്കട കേരള ലോ അക്കാദമി എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ഡി.എസ്. അർജുന്റെ നേതൃത്വത്തിൽ മർദിച്ചത്. ഇതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എ.ബി.വി.പി കോളജ് യൂനിറ്റ് സെക്രട്ടറി അദ്വൈത്, പ്രവർത്തകരായ ശ്രീതു, രേഷ്മ, എസ്.എഫ്.ഐ യൂനിറ്റ് ജോയന്റ് സെക്രട്ടറി അമേയ എന്നിവർക്ക് പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സതേടി.
കഴിഞ്ഞ നവംബർ ആറിന് നിഷയുടെ മകനും കോളജിലെ ഒന്നാം വർഷ വിദ്യാർഥിയുമായ എസ്. അർജുനെ (18) കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ഡി.എസ്. അർജുന്റെ നേതൃത്വത്തിൽ റാഗിങ്ങിനിരയാക്കിയിരുന്നു. ഷൂ നിർബന്ധിച്ച് നക്കിച്ചെന്നും മർദിച്ചെന്നുമാരോപിച്ച് അർജുൻ കോളജ് അധികാരികൾക്ക് പരാതി നൽകി. ഇതിലെ വൈരാഗ്യത്തെ തുടർന്ന് ഡിസംബർ 20ന് കോളജിലെ ക്രിസ്മസ് ആഘോഷവേളയിൽ എസ്.എഫ്.ഐ പ്രവർത്തകർ വടികൊണ്ട് അർജുനെയും സുഹൃത്തുകളെയും മർദിച്ചു. ഇതോടെ, അർജുന്റെ മാതാപിതാക്കളായ നിഷയും പ്രവിന് ശേഖറും പേരൂർക്കട പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അനന്തജിത്ത്, ഷഫാൻ ഷാ, യൂനിറ്റ് സെക്രട്ടറി ഡി.എസ്. അർജുൻ, അബിൻ രത്ന, അലൻ എന്നിവർക്കെതിരെ വധശ്രമമടക്കം ജാമ്യമില്ലാ വകുപ്പുപ്രകാരം പേരൂർക്കട പൊലീസ് കേസെടുത്തു. എന്നാൽ, റാഗിങ് നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തില്ലെന്നാരോപിച്ച് നിഷ ഹൈകോടതിയെ സമീപിക്കുകയും കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.
ഇതേദിവസം തന്നെ അർജുൻ തന്റെ അടിവയറ്റിൽ ചവിട്ടിയെന്നും സുഹൃത്തിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നുമാരോപിച്ച് എസ്.എഫ്.ഐ പേരൂർക്കട ഏരിയ കമ്മിറ്റി അംഗവും ലോ അക്കാദമി എസ്.എഫ്.ഐ യൂനിറ്റ് ജോയന്റ് സെക്രട്ടറിയുമായ അമേയയും പൊലീസിൽ പരാതി നൽകി.
തിങ്കളാഴ്ച കേസിന്റെ ഭാഗമായി മഹസർ തയാറാക്കുന്നതിന് പേരൂർക്കട പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണ് അർജുനും മാതാപിതാക്കളായ നിഷയും പ്രവിന് ശേഖറും കോളജിലെത്തിയത്. പൊലീസിന്റെ മൊഴിയെടുപ്പിനിടെ, ചായകുടിക്കാൻ കാന്റീനിലെത്തിയ നിഷയെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അർജുന്റെയും അമേയയുടെയും നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിർത്തുകയും അർജുൻ നിഷയുടെ മുഖത്തടിക്കുകയും സാരി വലിച്ചുകീറിയെന്നുമാണ് പരാതി. ഇത് തടയാനെത്തിയപ്പോഴായിരുന്നു എ.ബി.വി.പി കോളജ് യൂനിറ്റ് സെക്രട്ടറി അദ്വൈത്, പ്രവർത്തകരായ ശ്രീതു, രേഷ്മ എന്നിവർക്ക് മർദനമേറ്റത്. ഇതോടെ, എസ്.എഫ്.ഐ-എ.ബി.വി.പി പ്രവർത്തകർ പൊലീസിനും കോളജ് അധികാരികൾക്കും മുന്നിൽ സംഘംതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. നിഷയെ മർദിച്ചെന്ന പരാതിയിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും അമേയയെ മർദിച്ചെന്ന പരാതിയിൽ നിഷക്കെതിരെയും കേസെടുത്തതായി പേരൂർക്കട പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.