ലിയോ, നൈല; തിരുവനന്തപുരം മൃഗശാലയിലെ സിംഹങ്ങൾക്ക് പേരിട്ടു
text_fieldsതിരുവനന്തപുരം: തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്ന് തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുവന്ന സിംഹങ്ങൾക്ക് പേരിട്ടു. അഞ്ചുവയസ്സുള്ള ആൺ സിംഹത്തിന് ലിയോ എന്നും ആറു വയസ്സുള്ള പെൺസിംഹത്തിന് നൈല എന്നും പേരിട്ടാണ് തുറന്ന കൂട്ടിലേക്ക് വിട്ടത്. മൃഗശാലയിൽ രാവിലെ നടന്ന ചടങ്ങിൽ പേരിടൽ മന്ത്രി ജെ. ചിഞ്ചുറാണിയാണ് നിർവഹിച്ചത്.
തുറന്ന കൂട്ടിലാണെങ്കിലും രണ്ടിടങ്ങളിലായാണ് ലിയോയെയും നൈലയേയും പാർപ്പിച്ചിരിക്കുന്നത്. തുറന്ന കൂട്ടിൽ ഉണ്ടായിരുന്ന ഗ്രേസിയെന്ന പെൺസിംഹത്തെ മറ്റൊരു കൂട്ടിലേക്ക് മാറ്റി. പ്രായാധിക്യം ബാധിച്ച ആയുഷ് എന്ന സിംഹം മൃഗശാല ആശുപത്രിയിൽ ചികിത്സയിലാണ്. ലിയോയും നൈലയും കൂടി എത്തിയതോടെ മൃഗശാലയിലെ സിംഹങ്ങളുടെ എണ്ണം നാലായി. മൂന്നുമാസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയാണ് സിംഹങ്ങളെ തലസ്ഥാനത്തെത്തിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്ന് മൃഗശാല അധികൃതർ പറഞ്ഞു.
തുറന്നുവിട്ട സിംഹങ്ങളെ കാണാൻ നിരവധി പേരാണ് മൃഗശാലയിലെത്തിയത്. കുട്ടികൾ ഉൾപ്പെടെ സന്ദർശകർക്ക് പുതിയ അതിഥികൾ പുത്തൻ അനുഭവമായിരിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സിംഹങ്ങൾക്കൊപ്പം തിരുപ്പതിയിൽനിന്നെത്തിച്ച ഓരോ ജോടി എമു പക്ഷികളെയും ഹനുമാൻ കുരങ്ങുകളെയും കൂടുകളിലേക്ക് മാറ്റി. എന്നാൽ ഇവയെ കാണാൻ സന്ദർശകരെ അനുവദിച്ചിട്ടില്ല.
ഹനുമാൻ കുരങ്ങിൽ പെൺകുരങ്ങാണ് ചാടിപ്പോയത്. രണ്ടുജോടി വെള്ള മയിൽ, കാട്ടുകോഴി എന്നിവയെ ഉടൻ കൊണ്ടുവരും. പേരിടൽ ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ, മ്യൂസിയം ഡയറക്ടർ കെ. അബു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.