ആർ.സി.സിയിൽ ലിഫ്റ്റ് തകർന്ന് മരണം; റിപ്പോർട്ട് അപൂർണം, കൂടുതൽ വിശദീകരണം തേടി മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: റീജനൽ കാൻസർ സെൻററിൽ (ആർ.സി.സി) ലിഫ്റ്റ് പൊട്ടി താഴേക്ക് പതിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച നദീറയുടെ മരണകാരണത്തെ കുറിച്ച് ആർ.സി.സി ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ട് അപൂർണമായതിനാൽ മനുഷ്യാവകാശ കമീഷൻ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടു. ചില കാര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തവും വിശദവുമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആർ.സി.സി ഡയറക്ടർക്ക് നിർദേശം നൽകി.
ലിഫ്റ്റിൽ നിന്നുവീണ നദീറയുടെ തലക്ക് ക്ഷതമേറ്റത് എങ്ങനെ, ആർ.സി.സിയിലെ ലിഫ്റ്റുകൾക്ക് വാർഷിക കരാർ ഉണ്ടോ എന്നീ കാര്യങ്ങളിൽ ഡയറക്ടർ വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. നദീറയുടെ ആശ്രിതന് ആർ.സി.സിയിൽ ജോലി നൽകണമെന്ന ആവശ്യം പരിഗണിക്കാൻ കഴിയുമോയെന്നും വിശദീകരിക്കണം. അപകടത്തിെൻറ കാരണം അറിയുന്നതിന് സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി നടത്തുന്ന അന്വേഷണത്തിെൻറ വിശദാംശങ്ങൾ അറിയിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. നദീറയുടെ ചികിത്സയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന പരാതിയെ കുറിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. സെപ്റ്റംബർ 24നകം എല്ലാ റിപ്പോർട്ടുകളും ഹാജരാക്കണം. കേസ് സെപ്റ്റംബർ 30ന് കമീഷൻ വീണ്ടും പരിഗണിക്കും.
മേയ് 15നാണ് തുറന്നുകിടന്ന ലിഫ്റ്റിൽ കയറുമ്പോൾ താഴേക്ക് പതിച്ച് നദീറക്ക് അപകടമുണ്ടായത്. മണിക്കൂറുകൾക്ക് ശേഷമാണ് നദീറയെ കണ്ടെത്തി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. തലച്ചോറിലുണ്ടായ ക്ഷതം ആശുപത്രി അധികൃതർ മനസ്സിലാക്കാത്തതാണ് മരണകാരണമായതെന്ന് പരാതിയിൽ പറയുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, നദിറയുടെ ബന്ധു എ. മുഹമ്മദ് ആഷിക് എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.